ആ പാട്ടിൽ ചില രം​ഗങ്ങളിൽ മമ്മൂട്ടിക്ക് കൈ ചലിപ്പിക്കുന്നതിലൊക്കെ ബുദ്ധിമുട്ട് ഉണ്ടായിരുന്നു: ഔസേപ്പച്ചൻ

നിഹാരിക കെ.എസ്

തിങ്കള്‍, 21 ഏപ്രില്‍ 2025 (14:39 IST)
ഭരതൻ സംവിധാനം ചെയ്ത് 1985 ൽ പുറത്തിറങ്ങിയ ചിത്രമാണ് കാതോട് കാതോരം. മമ്മൂട്ടി, സരിത എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ഭരതൻ സംവിധാനം ചെയ്ത ചിത്രം ആ വർഷത്തെ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു. ജോൺ പോൾ തിരക്കഥ ഒരുക്കിയ ചിത്രത്തിന് ഔസേപ്പച്ചൻ ആയിരുന്നു സംഗീത സംവിധാനം നിർവഹിച്ചത്. ഒഎൻവി കുറുപ്പ് ആണ് ചിത്രത്തിന് ​ഗാനരചന ഒരുക്കിയത്. ചിത്രങ്ങളിലെ ഗാനങ്ങൾ ഏറെ ജനശ്രദ്ധ നേടിയിരുന്നു. 
 
ചിത്രത്തിലെ നീ എൻ സർ​ഗ സൗന്ദര്യമേ, ദേവദൂതർ പാടി എന്നീ പാട്ടുകൾ ഇന്നും മലയാളികളുടെ ഫേവറീറ്റ് ലിസ്റ്റിൽ ആദ്യ സ്ഥാനത്തുണ്ട്. നീ എൻ സർ​ഗ സൗന്ദര്യമേ... എന്ന പാട്ടിന്റെ പിറവിയെക്കുറിച്ച് പറയുകയാണ് ഔസേപ്പച്ചൻ. വയലിനിൽ വായിച്ച ട്യൂൺ ആണ് ഭരതന് താൻ കൊടുത്തതെന്ന് ഔസേപ്പച്ചൻ പറഞ്ഞു. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോ​ഗ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
'ആ പാട്ടിന്റെ വയലിനിൽ വായിച്ച ട്യൂൺ ആണ് ഞാൻ ഭരതന് കൊടുക്കുന്നത്. അതെനിക്ക് വളരെ എളുപ്പമാണ്. ഞാൻ ആ പാട്ട് കൊടുത്ത് ഒരു ആറ് മാസത്തിന് ശേഷമാണ് ആ സിനിമ തുടങ്ങുന്നത്. ആ സിനിമ നടക്കില്ലെന്ന് ഞാൻ കരുതി. ആ പാട്ടിൽ വയലിൻ വായിക്കുന്ന രം​ഗങ്ങളിൽ മമ്മൂട്ടിയ്ക്ക് കൈ ചലിപ്പിക്കുന്നതിലൊക്കെ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. അതുകൊണ്ട് ചില ഷോർട്ട്സുകളിലൊക്കെ എന്റെ വിരലുകളുണ്ട് അതിൽ. എന്റെ ഗുരുവായി ഞാൻ കരുതുന്ന വ്യക്തി ഒഎൻവി കുറുപ്പ് ആണ്. കാതോട് കാതോരത്തിന് വേണ്ടി മനോഹരമായ വരികൾ എഴുതിയത് അദ്ദേഹമാണ്. എനിക്ക് കിട്ടിയ ഒരു അനു​ഗ്രഹവും ബഹുമതിയുമായിരുന്നു അത്', ഔസേപ്പച്ചൻ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍