Jeethu Joseph: വീണ്ടുമൊരു ത്രില്ലർ ചിത്രം; ദൃശ്യം 3യ്ക്കും മിറാഷിനും പിന്നാലെ പുത്തൻ ചിത്രം പ്രഖ്യാപിച്ച് ജീത്തു ജോസഫ്

നിഹാരിക കെ.എസ്

തിങ്കള്‍, 21 ഏപ്രില്‍ 2025 (10:17 IST)
ഈസ്റ്റർ ദിനത്തിൽ പുതിയ സിനിമ പ്രഖ്യാപിച്ച് സംവിധായകൻ ജീത്തു ജോസഫ്. 'വലതുവശത്തെ കള്ളൻ' എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ. സോഷ്യൽ മീഡിയയിലൂടെ പോസ്റ്റ് പങ്കുവെച്ചാണ് ജീത്തു സിനിമയുടെ ടൈറ്റിൽ പങ്കുവെച്ചിരിക്കുന്നത്. മുറിവേറ്റൊരു ആത്മാവിന്‍റെ കുമ്പസാരം' എന്ന ടാഗ് ലൈനോടെയാണ് 'വലതുവശത്തെ കള്ളൻ' ടൈറ്റിൽ ലുക്ക് പുറത്തിറക്കിയിരിക്കുന്നത്.
 
രണ്ട് ചിത്രങ്ങളാണ് ജീത്തു ജോസഫിന്റേതായി വരാനുള്ളത്. ദൃശ്യം 3, മിറാഷ്. മോഹൻലാൽ നായകനായ ദൃശ്യം 3 യുടെ ചിത്രീകരണം ഇതുവരെ ആരംഭിച്ചതിട്ടില്ല. സ്ക്രിപ്റ്റിന്റെ അവസാന പണിപ്പുരയിലാണ് ജീത്തു. ആസിഫ് അലി, അപർണ ബാലമുരളി എന്നിവർ കേന്ദ്ര കഥാപാത്രമാകുന്ന മിറാഷ് ആണ് മറ്റൊരു സിനിമ. ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിട്ടുണ്ട്. മിറാഷ് റിലീസിനായി കാത്തിരിക്കുകയാണ്. 
 
അതേസമയം, ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്‍ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളിൽ ഷാജി നടേശൻ നിർമ്മിക്കുന്ന വലതുവശത്തെ കള്ളന് തിരക്കഥയൊരുക്കുന്നത് ഡിനു തോമസ് ഈലൻ ആണ്. ഒരു കുറ്റാന്വേഷണ സിനിമയാണെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. ഒരു മേശയിൽ പൊലീസ് കേസ് ഫയലും കമ്പ്യൂട്ടറും വയർ‍ലെസും താക്കോൽകൂട്ടവും കണ്ണടയും ഇരിക്കുന്നതാണ് ടൈറ്റിൽ പോസ്റ്ററിലുള്ളത്. 
 
ചിത്രത്തിലെ അഭിനേതാക്കളെ സംബന്ധിച്ച കൂടുതൽ വിവരങ്ങള്‍ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നാണ് പ്രതീക്ഷ. നടൻ പൃഥ്വിരാജ് ഉൾപ്പടെയുള്ള സിനിമാ മേഖലയിലെ പ്രമുഖർ ജീത്തുവിന് ആശംസ അറിയിച്ചിട്ടുണ്ട്. ബേസിൽ ജോസഫ് നായകനായെത്തിയ നുണക്കുഴിയാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ജീത്തു ജോസഫ് ചിത്രം.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍