കാവ്യ മാധവനെ ഞാൻ കൂടി ചവിട്ടേണ്ടതില്ലെന്ന് തോന്നി; ചെറിയ പ്രായം മുതലുള്ള അടുപ്പമെന്ന് മാല പാർവതി

നിഹാരിക കെ.എസ്

ബുധന്‍, 30 ഏപ്രില്‍ 2025 (11:13 IST)
വളരെ പെട്ടന്ന് തന്നെ മലയാള സിനിമയിൽ ഒരിടം കണ്ടെത്തിയ നടിയാണ് മാല പാർവതി. അടുത്തിടെ ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ നടി വിൻസി അലോഷ്യസ് രംഗത്ത് വന്നിരുന്നു. എന്നാൽ ഇതിനെതിരെ, തന്റെ അറിവിൽ ഷൈൻ ടോം ചാക്കോ നല്ലവനാണെന്നും തുടങ്ങി മാല പാർവതി നടത്തിയ പ്രസ്താവന വലിയ വിവാദമായി.

ഇരകളായ സ്ത്രീകൾക്കൊപ്പം നിൽക്കാതെ ആരോപണവിധേയന് പിന്തുണ നൽകുന്നത് ശരിയാണോ എന്നതായിരുന്നു നടിയോട് പലരും ചോദിച്ചത്. ഇതാദ്യമായല്ല നടി ആരോപണവിധേയനോപ്പം നിൽക്കുന്നത്. മുൻപ്, നടി ആക്രമിക്കപ്പെട്ട കേസിലും മാല പാർവതിയുടെ തീരുമാനങ്ങൾക്കെതിരെ വ്യാപകമായ വിമർശനം വന്നിരുന്നു.
 
അന്നും ഇരയെ പിന്തുണയ്ക്കുന്നതിന് പകരം ആരോപണ വിധേയരെ അനുകൂലിച്ചു എന്നതായിരുന്നു നടിയ്‌ക്കെതിരെ വന്ന ആരോപണം. മാല പാർവതിയുടെ പ്രതികരണം വിവാദമാവുകയും നടി പിന്നീട് വിശദീകരണം നല്കുകയും ചെയ്തിരുന്നു. താനൊരിക്കലും അങ്ങനെ ചിന്തിച്ചിട്ടില്ലെന്നും തന്റെ നിലപാട് ഇരയ്‌ക്കൊപ്പം തന്നെയായിരുന്നു എന്നുമാണ് മാല പാർവതി അന്ന് പറഞ്ഞത്.  
 
'അവരിപ്പോൾ തന്നെ തറയിൽ കിടന്ന് ചവിട്ട് കൊള്ളുകയാണ്. അതിനൊപ്പം ഞാൻ കൂടി ചവിട്ടേണ്ടതില്ലെന്ന് ചിന്തിച്ചു. അങ്ങനെയുള്ള ചിന്ത വരുന്ന മനസാണ് എന്റേത്. അതെനിക്ക് പലപ്പോഴും പ്രശ്‌നമായി ഭവിച്ചിട്ടുണ്ട്. ആ മനസ് ഒരിക്കലും നിലപാടുകളെ ലഘുകരിക്കുന്നതല്ല. മാറി നിൽക്കുമ്പോൾ ആളുകൾ അങ്ങനെ തെറ്റിദ്ധരിക്കുന്നതാണ്. വളരെ ചെറിയ പ്രായത്തിലാണ് എനിക്ക് കാവ്യ മാധവനുമായിട്ടുള്ള സൗഹൃദം ഉണ്ടായിരുന്നത്. പ്രശ്‌നങ്ങൾ മൂത്ത് വന്നപ്പോൾ അവരുടെ കുടുംബത്തെയും വ്യക്തിജീവിതത്തെയുമൊക്കെ വല്ലാതെ അറ്റാക്ക് ചെയ്യപ്പെട്ടത് നമ്മൾ കാണുകയല്ലേ, ഞാനും കൂടെ അവരെ ചവിട്ടേണ്ടതില്ലെന്ന് മാത്രമേ തീരുമാനിച്ചുള്ളു. എന്നല്ലാതെ മറ്റൊരു കാര്യവുമില്ല. ഇന്നുവരെ ഞാൻ അയാളുടെ സിനിമകളിൽ അഭിനയിക്കുകയോ അത് കാണുകയോ ചെയ്തിട്ടില്ല.
 
ഞാൻ അവസരവാദിയാണെന്നും നിലപാടില്ലാത്ത സ്ത്രിയാണെന്നും നിങ്ങളോട് പുഛം തോന്നുന്നുവെന്നുമൊക്കെ പറയുന്നത് ഞാൻ കണ്ടിരുന്നു. എന്റെ മനസാക്ഷി എന്താണ് പറയുന്നതെന്നും ഞാൻ പ്രാർഥിക്കാനിരിക്കുന്ന ദൈവത്തിന്റെ മുന്നിൽ എനിക്ക് ശരിയെന്ന് തോന്നുന്നത് പറഞ്ഞിട്ടുണ്ടോ പറഞ്ഞിട്ടില്ലേ എന്നതാണ് എന്നെ ബാധിക്കുന്ന കാര്യമെന്നുമാണ് മാല പാർവതി പറയുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍