നാല് വരി റെക്കോര്‍ഡ് ചെയ്യാന്‍ ഒരു ദിവസം മുഴുവന്‍ സ്റ്റുഡിയോയില്‍ ഇരിക്കേണ്ടിവന്നു, ചിത്ര ചേച്ചി കൂളായി പാടി; സൂപ്പര്‍ഹിറ്റ് ഗാനം പിറന്നത് ഇങ്ങനെ

Webdunia
ശനി, 1 ഒക്‌ടോബര്‍ 2022 (10:02 IST)
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട പാട്ടുകാരനാണ് വിനീത് ശ്രീനിവാസന്‍. മലയാളികള്‍ സൂപ്പര്‍ഹിറ്റാക്കിയ നിരവധി ഗാനങ്ങള്‍ ആലപിച്ചിരിക്കുന്ന വിനീത് ആണ്. മോഹന്‍ലാലിനെ നായകനാക്കി ജോഷി സംവിധാനം ചെയ്ത നരന്‍ എന്ന സിനിമയിലെ 'ഓമല്‍ കണ്‍മണി..' എന്നു തുടങ്ങുന്ന പാട്ടില്‍ എല്ലാവര്‍ക്കും ഏറെ പ്രിയപ്പെട്ട നാല് വരി പാടിയിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. ചിത്ര ആലപിച്ചിരിക്കുന്ന ഗാനത്തില്‍ നാല് വരി മാത്രമാണ് വിനീതിന് ഉണ്ടായിരുന്നത്. എന്നാല്‍, ഈ നാല് വരി പാടാന്‍ വിനീത് 'പാടുപെട്ടു'. എത്ര തവണ പാടിയിട്ടും ശരിയായില്ലെന്നാണ് വിനീത് പറയുന്നത്. 
 
ദീപക് ദേവാണ് ഈ പാട്ടിന്റെ സംഗീതസംവിധാനം. റെക്കോര്‍ഡിങ്ങിനായി വിനീത് ആദ്യമെത്തി. 
 
'ഓഹോഹോ ഓ നരന്‍...ഓഹോ ഞാനൊരു നരന്‍
പുതുജന്മം നേടിയ നരന്‍..ഓ നരന്‍ ഞാനൊരു നരന്‍' (2) 
 
ഇത്രയും ഭാഗം മാത്രമാണ് വിനീതിന് പാടാന്‍ ഉള്ളത്. എന്നാല്‍, പലതവണ പാടിയിട്ടും ദീപക് ദേവ് ഉദ്ദേശിക്കുന്ന പോലെ ആകുന്നില്ല. അതിനിടയില്‍ ചിത്ര കയറിവന്നു. 'ഓമല്‍ കണ്‍മണി..' എന്ന് തുടങ്ങുന്ന ആ പാട്ട് മൊത്തം റെക്കോര്‍ഡ് ചെയ്തു. വെറും അരമണിക്കൂര്‍ കൊണ്ട് ചിത്ര അത് പാടി തീര്‍ത്തു. മുഴുവന്‍ പാട്ട് പാടി ചിത്ര റെക്കോര്‍ഡിങ് സ്റ്റുഡിയോയില്‍ നിന്നു പോയി. ഇത് കണ്ടതും വിനീതിന് വിഷമമായി. നാല് വരി റെക്കോര്‍ഡ് ചെയ്യാന്‍ താന്‍ ഏതാണ്ട് ഒരു ദിവസം മുഴുവന്‍ സ്റ്റുഡിയോയില്‍ ഇരിക്കേണ്ടി വന്നു എന്നാണ് വിനീത് പിന്നീട് വെളിപ്പെടുത്തിയത്. വിനീത് കുറച്ചധികം കഷ്ടപ്പെട്ടെങ്കിലും പാട്ട് പിന്നീട് സൂപ്പര്‍ഹിറ്റായി. പ്രത്യേകിച്ച് ആ പാട്ടില്‍ വിനീത് പാടിയ ഭാഗത്തിനു ഗംഭീര സ്വീകരണമാണ് ആരാധകര്‍ക്കിടയില്‍ നിന്ന് ലഭിച്ചത്. റെക്കോര്‍ഡിങ് നീണ്ടുപോയപ്പോള്‍ ദീപക് ദേവിന് ദേഷ്യം വന്നു തുടങ്ങിയെന്നും വിനീത് പറഞ്ഞിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article