ഡെന്നിസ് ജോസഫ് തിരക്കഥയെഴുതിയ മമ്മൂട്ടിച്ചിത്രത്തിന്‍റെ പേര് അടിച്ചുമാറ്റിയതോ? ഒരു മോഹന്‍ലാല്‍ പടം പ്രതിസന്ധിയിലായ കഥ !

ദിനാ സജീവ്
ബുധന്‍, 27 നവം‌ബര്‍ 2019 (15:26 IST)
വേണു നാഗവള്ളി സംവിധാനം ചെയ്ത മനോഹരമായ ഒരു സിനിമയാണ് ‘കളിപ്പാട്ടം’. മോഹന്‍ലാലിന്‍റെ കരിയറിലെ ശ്രദ്ധേയമായ ചിത്രമായിരുന്നു അത്. നല്ല തമാശകളും സെന്‍റിമെന്‍റ്സുമുള്ള മികച്ച ഒരു കഥ ആ സിനിമയ്ക്കുണ്ടായിരുന്നു. അതിമനോഹരമായ ഗാനങ്ങള്‍ ഉണ്ടായിരുന്നു. കളിപ്പാട്ടത്തിന്‍റെ കഥ പി ശ്രീകുമാറിന്‍റേതായിരുന്നു. എന്നാല്‍ ഈ സിനിമയ്ക്ക് ആദ്യം ഇട്ട പേര് കളിപ്പാട്ടം എന്നായിരുന്നില്ല. മറ്റൊരു പേരായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. പിന്നീട് എങ്ങനെയാണ് പേരുമാറിയത്? അതൊരു ചെറിയ സംഭവമാണ്.
 
‘സരോവരം’ എന്നായിരുന്നു ഈ സിനിമയ്ക്ക് ആദ്യം നിശ്ചയിച്ച പേര്. ഉര്‍വശി അവതരിപ്പിക്കുന്ന നായികാകഥാപാത്രമായ സരോ മാരകമായ ഒരു രോഗം ബാധിച്ച് മരിക്കുകയാണ് ആ സിനിമയില്‍. സരോയുടെ മൃതദേഹം അടക്കിയ സ്ഥലത്തിന് ചിത്രത്തില്‍ ‘സരോവരം’ എന്നാണ് പേരിട്ടിരിക്കുന്നത്. അതേ പേരുതന്നെ സിനിമയ്ക്കും സ്വീകരിക്കുകയായിരുന്നു.
 
അങ്ങനെ സരോവരത്തിന്‍റെ ജോലികള്‍ക്കായി വേണു നാഗവള്ളിയും പി ശ്രീകുമാറും ചെന്നൈയിലെത്തി. ഒരു ദിവസം സുഹൃത്തായ നിര്‍മ്മാതാവ് എ ആര്‍ രാജന്‍ ക്ഷണിച്ചതനുസരിച്ച് രാജന്‍ നിര്‍മ്മിക്കുന്ന പുതിയ സിനിമയുടെ സെറ്റില്‍ വേണുവും ശ്രീകുമാറും എത്തി. ജേസിയുടെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായ സിനിമയുടെ ഷൂട്ടിംഗ് ജോലികളാണ് അവിടെ നടന്നുകൊണ്ടിരുന്നത്. ആ സൌഹൃദ കൂടിക്കാഴ്ചയില്‍ പലതും പറഞ്ഞതിനിടെ തങ്ങളുടെ പുതിയ സിനിമയായ ‘സരോവരം’ ഉടന്‍ തുടങ്ങുകയാണെന്നും മറ്റുമുള്ള വിവരങ്ങള്‍ വേണു നാഗവള്ളിയും ശ്രീകുമാറും പറഞ്ഞു. കുറച്ചുസമയം അവിടെ ചെലവഴിച്ചതിന് ശേഷം വേണുവും ശ്രീകുമാറും മടങ്ങുകയും ചെയ്തു.
 
കുറച്ചുദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് ഞെട്ടിക്കുന്ന ഒരു വാര്‍ത്ത വേണുവിന്‍റെയും ശ്രീകുമാറിന്‍റെയും ശ്രദ്ധയില്‍ പെട്ടത്. ജേസി സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രത്തിന് ‘സരോവരം’ എന്ന് പേരിട്ടിരിക്കുന്നു! ‘വളരെ ബുദ്ധിപരമായ ഒരു ചൂണ്ടല്‍’ എന്നാണ് അതിനെ പി ശ്രീകുമാര്‍ വിശേഷിപ്പിക്കുന്നത്. ആദ്യത്തെ അമ്പരപ്പ് മാറിയ ശേഷം ‘സാരമില്ല, നമുക്ക് അതിനേക്കാള്‍ അനുയോജ്യമായ ഒരു ടൈറ്റില്‍ കിട്ടും’ എന്ന് വേണു നാഗവള്ളി ശ്രീകുമാറിനെ സമാധാനിപ്പിച്ചു. വളരെ അവിചാരിതമായി, ഒരു സരസസംഭാഷണത്തിനിടെ ‘കളിപ്പാട്ടം’ എന്ന പേര് മോഹന്‍ലാല്‍ ചിത്രത്തിന് ലഭിക്കുകയും ചെയ്തു. ഇപ്പോള്‍ കാണുമ്പോള്‍ പോലും സരോവരത്തേക്കാള്‍ എന്തുകൊണ്ടും ആ സിനിമയ്ക്ക് അനുയോജ്യമായ പേരുതന്നെയാണ് ‘കളിപ്പാട്ടം’ എന്ന് ആര്‍ക്കും ബോധ്യമാകും. 

അനുബന്ധ വാര്‍ത്തകള്‍

Next Article