അന്ന് തുടര്‍ച്ചയായി സിനിമകള്‍ പൊളിഞ്ഞപ്പോള്‍ പ്രിയദര്‍ശനുമൊത്ത് ഉടന്‍ സിനിമ വേണ്ട എന്ന് മോഹന്‍ലാല്‍ തീരുമാനിച്ചു; ഇപ്പോള്‍ ബോക്‌സിങ് സിനിമ ഉപേക്ഷിച്ചത് അതിന്റെ ആവര്‍ത്തനം ! പ്രിയനോട് കാത്തിരിക്കാന്‍ പറഞ്ഞ് ലാല്‍

Webdunia
ശനി, 26 ഫെബ്രുവരി 2022 (09:20 IST)
മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്ന ബോക്‌സിങ് സിനിമ ഉപേക്ഷിച്ചത് മരക്കാര്‍ അറബിക്കടലിന്റെ സിംഹം ബോക്‌സ്ഓഫീസില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണെന്ന് റിപ്പോര്‍ട്ട്. പ്രിയദര്‍ശനൊപ്പം ഉടന്‍ ഒരു സിനിമ വേണ്ട എന്ന് മോഹന്‍ലാല്‍ തീരുമാനിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
 
മരക്കാര്‍ ബോക്‌സ്ഓഫീസില്‍ വേണ്ടത്ര വിജയം കൈവരിച്ചില്ല. വലിയ രീതിയില്‍ പണം വാരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഒരാഴ്ചയ്ക്ക് ശേഷം സിനിമയുടെ കളക്ഷന്‍ വലിയ രീതിയില്‍ ഇടിഞ്ഞു. മാത്രമല്ല ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ വന്ന ശേഷം സിനിമ ഭീകരമായ രീതിയില്‍ ട്രോള്‍ ചെയ്യപ്പെട്ടു. ഇതിലെല്ലാം മോഹന്‍ലാലിന് കടുത്ത അതൃപ്തിയുണ്ട്. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രത്തിന് മലയാളികള്‍ക്കിടയില്‍ വലിയൊരു ഹൈപ്പ് കിട്ടുന്നുണ്ടെന്നും അതാണ് സിനിമയെ കൂടുതല്‍ പ്രതികൂലമായി ബാധിച്ചതെന്നുമാണ് മോഹന്‍ലാലിന്റെ വിലയിരുത്തല്‍.
 
ഇക്കാര്യങ്ങള്‍ മോഹന്‍ലാല്‍ പ്രിയദര്‍ശനോട് വ്യക്തിപരമായി സംസാരിച്ചിരുന്നു. തല്‍ക്കാലത്തേക്ക് ബോക്‌സിങ് സിനിമ ഉപേക്ഷിക്കാമെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. സമയവും സന്ദര്‍ഭവും ഒത്തുവന്നാല്‍ പിന്നീട് മറ്റൊരു സിനിമയെ കുറിച്ച് ആലോചിക്കാമെന്നും മോഹന്‍ലാല്‍ പ്രിയന് ഉറപ്പ് നല്‍കിയിട്ടുണ്ട്. പ്രിയദര്‍ശന്‍ ഇതിന് സമ്മതം മൂളി.
 
നേരത്തെയും മോഹന്‍ലാലിനും പ്രിയദര്‍ശനും ഇടയില്‍ സമാന സംഭവം ഉണ്ടായിട്ടുണ്ട്. 1988 ല്‍ ചിത്രം വന്‍ ഹിറ്റായതിനു ശേഷമായിരുന്നു സംഭവം. ചിത്രം ഹിറ്റായതിനു പിന്നാലെ മോഹന്‍ലാലിനെ വച്ച് പ്രിയന്‍ തുടര്‍ച്ചയായി നാല് സിനിമകള്‍ ചെയ്തു. വന്ദനം, അക്കരെ അക്കരെ അക്കരെ തുടങ്ങിയ സിനിമകളും അക്കൂട്ടത്തിലുണ്ട്. അതെല്ലാം ബോക്‌സ്ഓഫീസില്‍ തകര്‍ന്നടിഞ്ഞു. പിന്നീട് മറ്റൊരു സിനിമയുടെ കഥയുമായി എത്തിയപ്പോള്‍ മോഹന്‍ലാല്‍ പ്രിയനോട് നോ പറഞ്ഞു. മലയാളത്തില്‍ നിന്ന് പ്രിയന്‍ തല്‍ക്കാലം ഒരു ബ്രേക്ക് എടുക്കണമെന്നാണ് അന്ന് മോഹന്‍ലാല്‍ പ്രിയദര്‍ശനോട് പറഞ്ഞത്. മോഹന്‍ലാലിന്റെ വാക്ക് കേട്ട പ്രിയന്‍ ആ സമയത്ത് മലയാളത്തിനു പുറമേയുള്ള ഭാഷകളില്‍ മാത്രം സിനിമ ചെയ്തു. പിന്നീട് മലയാളത്തിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയത് കിലുക്കം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെയാണ്. അതിലും നായകനായത് മോഹന്‍ലാല്‍ തന്നെ. അങ്ങനെയൊരു കിലുക്കം മോഡല്‍ ചിത്രത്തിന്റെ കഥ കിട്ടുകയാണെങ്കില്‍ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ വീണ്ടും മോഹന്‍ലാലിനൊപ്പം ഒന്നിക്കുമെന്നാണ് മലയാള സിനിമയുമായി ഏറ്റവും അടുത്ത വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന.
 

അനുബന്ധ വാര്‍ത്തകള്‍

Next Article