കേരളത്തെ ഒട്ടാകെ ഭീതിയിലാഴ്‌ത്തിയ നിപ്പ വൈറസിനെതിരെ ബോധവത്‌ക്കരണവുമായി നടൻ മോഹൻലാലും രംഗത്ത്. ഫേസ്‌ബുക്ക്, ട്വിറ്റർ എന്നിവയിലൂടെയാണ് നടൻ രംഗത്തെത്തിയത്. ആളുകളെ കൂടുതൽ ഭീതിയിലാഴ്‌ത്തുന്ന തരത്തിലുള്ള സന്ദേശങ്ങളാണ് വ്യാജപ്രചാരണങ്ങളായി സമൂഹമാധ്യമങ്ങളിലൂടെ പരക്കുന്നത്. ഇങ്ങനെയുള്ള വ്യാജപ്രചാരണങ്ങൾക്ക് പിറകേ പോകാതെ ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ എല്ലാവരും പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
മോഹൻലാലിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണ്ണരൂപം:
നിപ്പ വൈറസ് ബാധമൂലം മൂന്ന് മരണങ്ങൾ കോഴിക്കോട് ജില്ലയിൽ സ്ഥീകരിച്ച വിവരം ഏവരും അറിഞ്ഞിട്ടുണ്ടാവുമല്ലോ. നിലവിൽ ആശങ്കപ്പെടേണ്ടതോ,ഭീതിയിൽ ആവേണ്ടെതുമായ സാഹചര്യം ഇല്ല. എന്നാൽ കൃത്യമായ പ്രതിരോധ മാർഗ്ഗത്തിലൂടെ നമുക്ക് ഈ രോഗത്തെ ശക്തമായി തടയാൻ കഴിയും. നിലവിൽ പ്രചരിക്കുന്ന വ്യാജവാർത്തകളിലും മറ്റും വിശ്വസിക്കാതെ രോഗം തുടങ്ങുമ്പോൾ തന്നെ കൃത്യമായ മാർഗ നിർദേശങ്ങളും, സുരക്ഷാമാർഗങ്ങളും, ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങളും കേൾക്കുകയും പാലിക്കുകയും ചെയുക..!
ഈ അസുഖത്തിനു ചികിത്സ ഇല്ല എന്ന ധാരണ തെറ്റാണ്. എന്നാൽ ഏതു രോഗത്തേയും പോലെ പ്രതിരോധം ആണ് ഏറ്റവും പ്രധാനം .രോഗ ലക്ഷണങ്ങൾ കണ്ടാൽ ശാസ്ത്രീയമായി ലഭിക്കേണ്ട ചികിത്സ സ്വീകരിക്കുക തന്നെ വേണം.