നിപ്പ വൈറസ്: സ്ഥിതിഗതികള്‍ നിയന്ത്രണവിധേയം - ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്രം
ചൊവ്വ, 22 മെയ് 2018 (19:24 IST)
കേരളത്തിലെ നിപ്പ വൈറസ് ബാധ നിയന്ത്രണവിധേയമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ദ. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ ആരോഗ്യ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രവർത്തനങ്ങളുടെ ഏകോപനം അദ്ദേഹം നിർവഹിക്കുമെന്നും നദ്ദ പറഞ്ഞു.
വൈറസ് ബാധയില്‍ അധികൃതര്‍ ജാഗ്രത പാലിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയിലെ വ്യാജ പ്രചരണങ്ങള്‍ വിശ്വസിക്കരുത്. വൈറസ് വാർത്തകൾ വിശ്വസിച്ച് പരിഭ്രാന്തരാകരുതെന്നും ആരും പരിഭ്രാന്തി പരത്തരുതെന്നും നദ്ദ ആവശ്യപ്പെട്ടു.
സെക്രട്ടറി പ്രീതി സുദൻ, ഡിജി (ഐസിഎംആർ) ഡോ ബൽറാം ഭാർഗവ എന്നിവരുമായി കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ദ കാര്യങ്ങൾ ചർച്ച ചെയ്തു സ്ഥിതിഗതികൾ വിലയിരുത്തി.
കേന്ദ്രമന്ത്രിയുടെ നിർദേശം അനുസരിച്ച് നാഷനൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിൽനിന്നുള്ള (എൻസിഡിസി) സംഘം കേരളത്തിലുണ്ട്. പേരാമ്പ്രയിൽ ആദ്യമരണം നടന്ന വീട്ടിലെത്തി സംഘം പരിശോധന നടത്തി. കുടുംബം വെള്ളമെടുക്കുന്ന കിണറ്റിൽ നിരവധി വവ്വാലുകൾ ഉണ്ടായിരുന്നു. ചില വവ്വാലുകളെ പരിശോധനയ്ക്കായി അയച്ചു. പരിശോധനാ ഫലം ലഭിച്ചാൽ മാത്രമെ രോഗം പകർന്നത് ഇവയിൽ നിന്നാണോയെന്ന് സ്ഥിരീകരിക്കാനാകൂ.
അതേസമയം നിപ്പാ വൈറസ് വായുവിലൂടെ പകരില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയാണ് ഇക്കാര്യം അറിയിച്ചതെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ വ്യക്തമാക്കി. രോഗം വായുവിലൂടെ പടര്‍ന്നേക്കുമെന്ന് ഇന്നലെ കേന്ദ്രം സംഘം ആശങ്ക പ്രകടിപ്പിച്ചിരുന്നു.