ലിനിയുടെ മക്കള്‍ക്ക് 10 ലക്ഷം രൂപ വീതം ധനസഹായം; ഭര്‍ത്താവിന് കേരളത്തില്‍ സർക്കാർ ജോലി

ബുധന്‍, 23 മെയ് 2018 (11:10 IST)
നിപ്പ വൈറസ് ബാധിച്ച് മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനിയുടെ ഭർത്താവിന് സർക്കാർ ജോലി നൽകാനും മക്കൾക്ക് 10 ലക്ഷം രൂപ വീതം നൽകാനും ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. മരിച്ച മറ്റുള്ളവരുടെ കുടുംബാംഗങ്ങൾക്ക് 5 ലക്ഷം രൂപ വീതവും നൽകും.
 
നിപ്പ വൈറസ് പിടിപെട്ട് ആദ്യം മരിച്ച യുവാവിനെ ശുശ്രൂഷിച്ചത് ലിനി ആയിരുന്നു. അതിന് പിന്നാലെയാണ് ലിനിയ്‌ക്ക് പനി ബാധിക്കുകയും 17-ന് പേരാമ്പ്ര ഗവ.ആശുപത്രിയിൽ ചികിത്സ നൽകുകയും ചെയ്‌തു. തുടർന്ന് 19-ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും മെഡിക്കൽ കോളേജിനോടനുബന്ധിച്ച ചെസ്‌റ്റ് ഹോസ്‌പിറ്റലിലും പ്രവേശിപ്പിക്കുകയായിരുന്നു. ചെസ്‌റ്റ് ഹോസ്‌പിറ്റലിൽ ചികിത്സയിലായിരുന്ന ലിനി തിങ്കളാഴ്‌ച പുലർച്ചെയാണ് മരിച്ചത്.
 
വൈറസ് പടരാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരം ബന്ധുക്കളുടെ അനുമതിയോടെ ലിനിയുടെ മൃതദേഹം വീട്ടിലേക്കു കൊണ്ടുപോവാതെ കോഴിക്കോട്ടെ വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കരിക്കുകയായിരുന്നു. നിപ്പ ബാധിച്ച് മരിച്ചവരുടെ എണ്ണം 10 കവിഞ്ഞിരുന്നു. നിപ്പയെ തടയാൻ വാക്‌സിൻ കണ്ടുപിടിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍