ഇതാണ് മുരുകൻ, ഇതൊക്കെയാണ് പുലിമുരുകൻ!

Webdunia
വ്യാഴം, 6 ഒക്‌ടോബര്‍ 2016 (17:15 IST)
മലയാളത്തിലെ ഏറ്റവും വലിയ ബിഗ്ബജറ്റ് ചിത്രം പുലിമുരുകൻ റിലീസ് ചെയ്യാൻ മണിക്കൂറുകൾ മാത്രം ബാക്കി. ചിത്രം ഹിറ്റാകുമെന്ന വിശ്വാസത്തിലാണ് ആരാധകരും അണിയറ പ്രവർത്തകരും. നാളുകളായുള്ള പ്രയത്നമാണ് ഫലം കാണാൻ പോകുന്നത്. വളരെ അപൂർവ്വമായൊരു കഥ പറയുന്ന ചിത്രമാണ് പുലിമുരുകൻ എന്നും ചിത്രം ഹിറ്റാകാൻ താനും ആഗ്രഹിക്കുന്നുവെന്നും മോഹൻലാൽ വ്യക്തമാക്കി.
 
മറ്റു സിനിമകളേക്കാൾ കുറച്ച് ആഗ്രഹം കൂടുതലാണ് ഈ സിനിമ ഹിറ്റാകണമെന്ന്. ഇതിനു പിന്നിൽ ഒരുപാട് പേരുടെ കഠിനാധ്വാനമുണ്ട്. പുലിമുരുകന് വേണ്ടി പരിഭവങ്ങ‌ൾ ഒന്നും പറയാതെ പ്രവർത്തിച്ചവരാണ് എല്ലാവരും. പുലിയും മനുഷ്യനും തമ്മിലുള്ള പ്രതികാരത്തിന്റെ കഥ പറയുന്ന ചിത്രം, അതാണ് പുലിമുരുകൻ എന്ന് മോഹൻലാൽ പറയുന്നു.
 
എല്ലാവർക്കും മനസ്സിലാക്കാൻ കഴിയുന്ന സിനിമ. സിനിമ കാണുമ്പോൾ വളരെ ഭംഗിയായിട്ട് തോന്നുമെങ്കിലും അതെല്ലാം വളരെ കഷ്ടപ്പെട്ട് എടുത്തതാണ്. ഒരു കടുവയെ വെച്ച് ചിത്രീകരിക്കുക എന്നത് എളുപ്പമുള്ള കാര്യമായിരുന്നില്ല. വളരെ പ്രയാസമായിരുന്നു. ബുദ്ധിമുട്ടുക‌ൾ ഏറെ അനുഭവിച്ചു. ഒരുപാട് സമയമെടുത്തിട്ടാണ് ഒരു ഷോട്ട് തന്നെ ലഭിക്കുക. അതും കാത്തിരുന്ന്.
 
ഗോപീസുന്ദറിന്റെ പാട്ടുകൾ വളരെ നല്ലതാണ്.‘നന്നാകുമ്പോൾ എല്ലാം നന്നാകും’ എന്നു വിശ്വസിക്കുന്ന ആളാണ് താനെന്നും താരം വ്യക്തമാക്കി. ആരാധകർക്കും സിനിമാപ്രേമികൾക്കും അണിയറ പ്രവർത്തകർക്കും നല്ലൊരു ട്രീറ്റായി മാറട്ടെ പുലിമുരുകൻ എന്നും മോഹൻലാൽ പറഞ്ഞു. മലയാള സിനിമയ്ക്ക് അല്ലെങ്കിൽ ഇന്ത്യൻ സിനിമയ്ക്കു തന്നെ അഭിമാനിക്കാവുന്ന ഒരു സിനിമയായി മാറാൻ പ്രാർത്ഥിക്കുന്നതായും താരം പറഞ്ഞു.
Next Article