മായാമോഹിനി കണ്ടാല്‍ എനിക്ക് അതുപോലെ ചെയ്യാന്‍ പറ്റുന്നില്ലല്ലോ എന്ന് തോന്നും - റെമോ ‘സുന്ദരി’ ശിവ കാര്‍ത്തികേയന്‍ !

Webdunia
വ്യാഴം, 6 ഒക്‌ടോബര്‍ 2016 (16:48 IST)
ശിവ കാര്‍ത്തികേയന്‍ നായകനാകുന്ന ‘റെമോ’പ്രദര്‍ശനത്തിനെത്തുകയാണ്. മലയാളത്തില്‍ പുലിമുരുകനും തോപ്പില്‍ ജോപ്പനും വരുന്നതിനൊപ്പമാണ് റെമോയും വരുന്നത്. എന്തായാലും ആരാധകര്‍ക്ക് മികച്ച ഒരു എന്‍റര്‍ടെയ്നറാണ് ഭാഗ്യരാജ് കണ്ണന്‍ എന്ന സംവിധായകന്‍ ഒരുക്കിയിരിക്കുന്നത്. ശിവ കാര്‍ത്തികേയന്‍ ആദ്യമായി പെണ്‍‌വേഷത്തില്‍ അഭിനയിക്കുന്നു എന്നതാണ് ഏറ്റവും വലിയ ഹൈലൈറ്റ്.
 
കൂടാതെ പി സി ശ്രീറാമാണ് ഈ സിനിമയുടെ ഛായാഗ്രഹണം. റസൂല്‍ പൂക്കുട്ടിയാണ് ശബ്ദ സംവിധാനം. അങ്ങനെ ഏറ്റവും മികച്ച സാങ്കേതികപ്രവര്‍ത്തകര്‍ ഒരുമിക്കുന്ന ചിത്രം എന്ന നിലയിലും റെമോ ശ്രദ്ധിക്കപ്പെടുകയാണ്.
 
മലയാളത്തില്‍ ദിലീപ് അവതരിപ്പിച്ച ‘മായാമോഹിനി’യുടെ ഫോര്‍മാറ്റിലുള്ള സിനിമയാണ് റെമോ എന്നാണ് സൂചന. എന്തായാലും അടുത്തിടെയൊന്നും ശിവ കാര്‍ത്തികേയന്‍ മായാമോഹിനി കണ്ടില്ല. അതിന് കാരണവുമുണ്ട്. “ദിലീപ് സാറിന്‍റെ മായാമോഹിനിയെല്ലാം ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഈ സിനിമ കമ്മിറ്റായതിന് ശേഷം ഞാന്‍ അത്തരം സിനിമകള്‍ കണ്ടില്ല. എനിക്ക് ചിലപ്പോള്‍ അപകര്‍ഷതാ ബോധം തോന്നും. അയ്യോ ഈ രീതിയില്‍ എനിക്ക് അഭിനയിക്കാന്‍ കഴിയില്ലല്ലോ എന്നോര്‍ത്ത്. ഈ സിനിമ പൂര്‍ത്തിയായതിന് ശേഷമാണ് വീണ്ടും ഞാന്‍ അത്തരം പടങ്ങള്‍ കാണുന്നതിലേക്ക് വന്നത്” - മനോരമ ഓണ്‍ലൈനിന് അനുവദിച്ച അഭിമുഖത്തില്‍ ശിവ കാര്‍ത്തികേയന്‍ പറയുന്നു.  
 
“റെമോയ്ക്ക് വേണ്ടി ഞാന്‍ റഫറന്‍സ് ഒന്നും നടത്തിയിട്ടില്ല. അത് കൂടുതല്‍ ബുദ്ധിമുട്ടാകും. അതുകൊണ്ട് എനിക്കെന്ത് ചെയ്യാന്‍ കഴിയുന്നുണ്ടോ അതുമാത്രമാണ് ഞാന്‍ ഇതില്‍ ചെയ്തത്” - ശിവ കാര്‍ത്തികേയന്‍ വ്യക്തമാക്കുന്നു.
Next Article