സത്യന്‍ അന്തിക്കാട് ചിത്രം 'ഹൃദയപൂര്‍വ്വം' പൂര്‍ത്തിയാക്കിയ മോഹന്‍ലാല്‍ ഇനി ദിലീപ് ചിത്രത്തിലേക്ക്. നവാഗതനായ ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്യുന്ന 'ഭ.ഭ.ബ' യില്‍ ആണ് ദിലീപും മോഹന്‍ലാലും ഒന്നിക്കുന്നത്. ദിലീപ്, വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. മോഹന്‍ലാലിന്റേത് കാമിയോ റോള്‍ ആണ്.
മോഹന്‍ലാല്‍ ഭാഗമാകുന്ന സീനുകള്‍ മാത്രമാണ് ഇനി ചിത്രീകരിക്കാനുള്ളത്. ഇതില്‍ മോഹന്‍ലാല്‍-ദിലീപ് കോംബിനേഷന്‍ സീനുകളും ഉണ്ട്. കാമിയോ റോള്‍ ആണെങ്കിലും മോഹന്‍ലാലിന്റേത് നിര്‍ണായക കഥാപാത്രമാണ്. 'ഭ.ഭ.ബ'യ്ക്കു രണ്ടാം ഭാഗം ഉണ്ടാകും. രണ്ടാം ഭാഗത്തില്‍ മോഹന്‍ലാലിന്റേത് സുപ്രധാന റോള്‍ ആയിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
നേരത്തെ സുരേഷ് ഗോപിയായിരിക്കും കാമിയോ റോളില്‍ എത്തുകയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ചില വ്യക്തിപരമായ തിരക്കുകളെ തുടര്‍ന്ന് സുരേഷ് ഗോപി പിന്മാറി. അതിനുശേഷം ലാലിലേക്ക് എത്തിയത്. 2011 ല്‍ പുറത്തിറങ്ങിയ ക്രിസ്റ്റ്യന്‍ ബ്രദേഴ്സ്, ചൈനാടൗണ്‍ എന്നിവയാണ് മോഹന്‍ലാലും ദിലീപും ഒന്നിച്ച അവസാന ചിത്രങ്ങള്‍. 14 വര്‍ഷങ്ങള്‍ക്കു ശേഷം ഹിറ്റ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നതിന്റെ ത്രില്ലിലാണ് ഇരു താരങ്ങളുടെയും ആരാധകര്‍.
ഫഹിം സഫാര്‍, നൂറിന്‍ ഷെരീഫും ചേര്‍ന്നാണ് തിരക്കഥ. സിദ്ധാര്‍ത്ഥ് ഭരതന്‍, അശോകന്‍, ബൈജു സന്തോഷ്, ബാലു വര്‍ഗീസ് എന്നിവരും ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മാണം. ഈ വര്‍ഷം തന്നെ റിലീസ് ഉണ്ടാകുമെന്നാണ് വിവരം.