നടനും എംഎല്‍എയുമായ മുകേഷ്, നടന്‍മാരായ ജയസൂര്യ, ഇടവേള ബാബു, മണിയന്‍പിള്ള രാജു എന്നിവര്‍ക്കെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി നടി മിനു മുനീര്‍. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇവരില്‍ നിന്നെല്ലാം തനിക്ക് ശാരീരികമായും മാനസികമായും അതിക്രമങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് മിനു വെളിപ്പെടുത്തി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ചയായതിനു പിന്നാലെയാണ് മിനുവിന്റെ തുറന്നുപറച്ചില്‍.
'ദേ ഇങ്ങോട്ട് നോക്കിയേ' എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് ജയസൂര്യ ശാരീരികമായി ഉപദ്രവിച്ചതെന്നു മിനു പറയുന്നു. 2008 ലാണ് സംഭവം. ഷൂട്ടിങ് നടക്കുന്നതിനിടെ ടോയ്‌ലറ്റില്‍ പോകുന്ന സമയത്ത് ജയസൂര്യ പിന്നില്‍ നിന്ന് കെട്ടിപ്പിടിച്ചു. തിരിഞ്ഞു നോക്കിയപ്പോഴും ഉപദ്രവം തുടര്‍ന്നു. പിന്നീട് ജയസൂര്യയെ തള്ളിമാറ്റിയ ശേഷം ഓടിപ്പോകുകയായിരുന്നു. തിരുവനന്തപുരത്ത് ഫ്‌ളാറ്റ് ഉണ്ടെന്നും മിനുവിന് താല്‍പര്യമുണ്ടെങ്കില്‍ പറയണമെന്നും ജയസൂര്യ തന്നോടു പറഞ്ഞെന്നും മിനു വെളിപ്പെടുത്തി.
അമ്മയില്‍ അംഗത്വം ലഭിക്കാനായി ഇടവേള ബാബുവിനെ ബന്ധപ്പെട്ടപ്പോള്‍ ഫ്ളാറ്റിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. അവിടെ വെച്ച് ഫോമില്‍ ഒപ്പിടുന്ന സമയത്ത് അനുവാദം ഇല്ലാതെ കഴുത്തില്‍ ഉമ്മ വയ്ക്കുകയായിരുന്നെന്ന് മിനു പറഞ്ഞു. താന്‍ എതിര്‍പ്പ് അറിയിച്ചപ്പോള്‍ 'കല്യാണം കഴിക്കാത്ത ബാച്ച്ലര്‍ അല്ലേ ഞാന്‍. ഒന്ന് സഹകരിക്ക്. എനിക്കൊപ്പം നിന്നാല്‍ ഞാന്‍ നിന്നെ കാശുകാരിയാക്കാം' എന്നൊക്കെ ഇടവേള ബാബു പറഞ്ഞെന്നും മിനു പറഞ്ഞു.
മുകേഷ് ഫോണില്‍ വിളിച്ച് അശ്ലീലം പറഞ്ഞു. പിന്നീട് ഒരു സിനിമ സെറ്റില്‍വെച്ച് തന്നെ ബലമായി പിടിച്ച് കിടക്കയിലേക്ക് തള്ളിയിട്ടെന്നും മിനു വെളിപ്പെടുത്തി. മണിയന്‍പിള്ള രാജു ലൈംഗിക ചുവയോടെ സംസാരിച്ചെന്നും മിനു പറഞ്ഞു.