മലയാളത്തിലെ പ്രമുഖ സിനിമ താരങ്ങള്‍ക്കെതിരെ ഗുരുതര ആരോപണവുമായി നടി മിനു കുര്യന്‍ (മിനു മുനീര്‍). നടനും എംഎല്‍എയുമായ മുകേഷ്, നടന്‍മാരായ ഇടവേള ബാബു, ജയസൂര്യ, മണിയന്‍പിള്ള രാജു എന്നിവര്‍ക്കെതിരെയും അഭിഭാഷകനായ ചന്ദ്രശേഖരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരായ നോബിള്‍, വിച്ചു എന്നിവര്‍ക്കെതിരെയുമാണ് മിനു കുര്യന്റെ വെളിപ്പെടുത്തല്‍.
ശാരീരികമായും വാക്കാലുമുള്ള അതിക്രമങ്ങള്‍ ഇവരില്‍ നിന്ന് നേരിട്ടെന്ന് മിനു ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 2013 ല്‍ ഒരു സിനിമയില്‍ വര്‍ക്ക് ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് അതിക്രമം നേരിട്ടതെന്നും എന്നിട്ടും ആ പ്രൊജക്ടില്‍ സഹകരിച്ചു പോകാന്‍ ശ്രമിച്ചെന്നും മിനു പറയുന്നു. എന്നാല്‍ അതിക്രമങ്ങള്‍ സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഇതിനെ തുടര്‍ന്ന് താന്‍ മലയാള സിനിമ വിട്ട് ചെന്നൈയിലേക്ക് പോകുകയായിരുന്നെന്നും മിനു പറഞ്ഞു.
കേരള കൗമുദിയില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ താന്‍ അന്ന് നേരിട്ട അതിക്രമങ്ങളെ കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്. താന്‍ അനുഭവിച്ച മാനസിക ബുദ്ധിമുട്ടുകള്‍ക്കും ആഘാതങ്ങള്‍ക്കും നീതി ലഭിക്കണമെന്നും ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ എല്ലാവരും തനിക്കൊപ്പം നില്‍ക്കണമെന്നും മിനു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു.