ദുല്‍ഖര്‍ മുതല്‍ മോഹന്‍ലാല്‍ വരെ; മരക്കാര്‍ തിയറ്റര്‍ റിലീസ് ആകാനുള്ള കാരണങ്ങള്‍ ഇതെല്ലാം

Webdunia
ശനി, 13 നവം‌ബര്‍ 2021 (09:18 IST)
നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' തിയറ്ററുകളില്‍ റിലീസ് ചെയ്യുമെന്ന പ്രഖ്യാപനം നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ നടത്തിയത്. ഒ.ടി.ടി. റിലീസ് ആയിരിക്കും സിനിമയെന്ന് നേരത്തെ ഉറപ്പിച്ചുപറഞ്ഞ നിര്‍മാതാവ് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം തീരുമാനം മാറ്റുകയായിരുന്നു. അതിനിടയിലുള്ള ദിവസങ്ങള്‍ മരക്കാറിന് നിര്‍ണായകമായി. മരക്കാര്‍ തിയറ്ററുകളില്‍ റിലീസ് ചെയ്യിപ്പിക്കാമെന്ന നിര്‍മാതാവിന്റെ തീരുമാനത്തിനു പിന്നില്‍ നിരവധി ഘടകങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ട കാരണങ്ങള്‍ എന്തെല്ലാമാണെന്ന് നമുക്ക് പരിശോധിക്കാം. മലയാള സിനിമ വ്യവസായവുമായി ഏറ്റവും അടുത്ത വൃത്തങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങളാണ് ചുവടെ നല്‍കിയിരിക്കുന്നത്. 
 
ദുല്‍ഖര്‍ സല്‍മാനും കുറുപ്പും 
 
ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പിന് റിലീസിന് മുന്‍പ് കിട്ടിയ സ്വീകാര്യതയാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം തിയറ്ററുകളില്‍ റിലീസ് ചെയ്യിപ്പിക്കണമെന്ന തീരുമാനമെടുക്കാന്‍ ആന്റണി പെരുമ്പാവൂരിനെ പ്രേരിപ്പിച്ച പ്രധാന ഘടകം. ബിഗ് ബജറ്റ് സിനിമയായതിനാല്‍ നിര്‍മാണ ചെലവ് തിയറ്ററുകളില്‍ നിന്ന് തിരിച്ചുപിടിക്കാന്‍ സാധിക്കുമോ എന്ന ആശങ്ക ആന്റണി പെരുമ്പാവൂരിന് ഉണ്ടായിരുന്നു. കോവിഡ് പ്രതിസന്ധിയുടെ കാലത്ത് പ്രേക്ഷകര്‍ കുടുംബസമേതം തിയറ്ററുകളിലേക്ക് എത്തുമോ എന്നതായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ പ്രധാന ആശങ്ക. എന്നാല്‍, റിലീസിന് മൂന്ന് ദിവസം മുന്‍പ് തന്നെ കുറുപ്പ് പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകളിലെ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന നല്ല രീതിയില്‍ പൂര്‍ത്തിയായി. പ്രേക്ഷകര്‍ തിയറ്ററുകളിലെത്താന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് ഇതില്‍ നിന്ന് വ്യക്തമായി. കുറുപ്പിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് സ്റ്റാറ്റസ് ആന്റണി പെരുമ്പാവൂരിന്റെ മനസ് മാറ്റുകയായിരുന്നു. തിയറ്ററില്‍ റിലീസ് ചെയ്തതിനു ശേഷം ഒ.ടി.ടി. പ്ലാറ്റ്ഫോമിലും ഇറക്കാനാണ് ആന്റണി പെരുമ്പാവൂരിന്റെ തീരുമാനം. 
 
'ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ 'കുറുപ്പി'ന് വലിയ രീതിയില്‍ ബുക്കിങ് ലഭിച്ചു. ഇത് നിര്‍മാതാവിന് കോണ്‍ഫിഡന്‍സ് നല്‍കി. തിയേറ്ററുകളിലേക്ക് ആളുകള്‍ എത്തില്ല എന്ന് വിചാരിച്ചിടത്താണ് നാല് ദിവസത്തേക്ക് 'കുറുപ്പി'ന് ബുക്കിങ് ലഭിച്ചത്. ഇതാണ് തിയേറ്റര്‍ റിലീസിലേക്ക് മരക്കാറിനെ നയിച്ചതെന്ന് എനിക്ക് തോന്നുന്നു,' ഫിലിം ചേമ്പര്‍ പ്രസിഡന്റ് ജി.സുരേഷ് കുമാര്‍ പറഞ്ഞു. 
 
തിയറ്റര്‍ റിലീസിനായുള്ള സര്‍ക്കാര്‍ സമ്മര്‍ദം
 
'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' തിയറ്ററുകളില്‍ റിലീസ് ചെയ്യാന്‍ അണിയറ പ്രവര്‍ത്തകരുമായി മുഖ്യമന്ത്രി പിണറായി വിജയനും സംസാരിച്ചതായി റിപ്പോര്‍ട്ട്. നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ ഒടുവില്‍ തിയറ്റര്‍ റിലീസിന് സമ്മതിച്ചത് സര്‍ക്കാര്‍ സമ്മര്‍ദത്തെ തുടര്‍ന്നാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സിനിമ, സാംസ്‌കാരിക മന്ത്രി സജി ചെറിയാനും തുടര്‍ച്ചയായി വിഷയത്തില്‍ ഇടപെട്ടിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം ആയിരുന്നു ഇത്. ഒ.ടി.ടി. റിലീസ് മതിയെന്ന് ആന്റണി പെരുമ്പാവൂര്‍ തീരുമാനിച്ചതിനു പിന്നാലെ മുഖ്യമന്ത്രി ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. കോവിഡ് പ്രതിസന്ധിക്ക് ശേഷം സിനിമ വ്യവസായത്തിനു പുനരുജ്ജീവനമേകാന്‍ മരക്കാര്‍ തിയറ്ററിലെത്തുന്നതാണ് ഉചിതമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഇതിനു പിന്നാലെയാണ് തന്റെ ഉപാധികളില്‍ പൂര്‍ണമായ വിട്ടുവീഴ്ചയ്ക്ക് ആന്റണി തയ്യാറായത്.
 
 
ഒ.ടി.ടി.യില്‍ നിന്ന് പ്രതീക്ഷിച്ചത് കിട്ടിയില്ല !
 
ഒ.ടി.ടി. പ്ലാറ്റ്ഫോമില്‍ വിചാരിച്ച പോലെ വലിയ തുകയ്ക്ക് 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' വിറ്റുപോയിട്ടില്ലെന്ന് റിപ്പോര്‍ട്ട്. നിര്‍മാതാവ് പ്രതീക്ഷിച്ചതിനേക്കാള്‍ കുറഞ്ഞ തുകയ്ക്കാണ് ഒ.ടി.ടി. പ്ലാറ്റ്ഫോമില്‍ വിറ്റുപോയതെന്നും അതുകൊണ്ടാണ് ഉപാധികളൊന്നുമില്ലാതെ തിയറ്റര്‍ റിലീസിന് തയ്യാറായതെന്നുമാണ് റിപ്പോര്‍ട്ട്. 90 മുതല്‍ നൂറ് കോടി രൂപയ്ക്കുള്ളിലാണ് മരക്കാര്‍ ഒ.ടി.ടി. പ്ലാറ്റ്ഫോമില്‍ വിറ്റുപോയതെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇതെല്ലാം സ്ഥിരീകരിക്കാത്ത വാര്‍ത്തകളാണ്. ഏറ്റവും ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ട് അനുസരിച്ച് 70 കോടി രൂപയില്‍ താഴെയാണ് ഒ.ടി.ടി. പ്ലാറ്റ്ഫോമില്‍ മരക്കാറിന് കിട്ടിയതെന്നാണ് വിവരം. തിയറ്ററില്‍ റിലീസ് ചെയ്ത ശേഷമായിരിക്കും മരക്കാര്‍ ഇനി ഒ.ടി.ടി. പ്ലാറ്റ്ഫോമില്‍ എത്തുക. തിയറ്റര്‍ വരുമാനവും ഒ.ടി.ടി., സാറ്റലൈറ്റ് വരുമാനവും ചേര്‍ന്നാല്‍ നിര്‍മാണ ചെലവ് മറികടക്കാന്‍ കഴിയുമെന്നാണ് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പ്രതീക്ഷിക്കുന്നത്. നേരത്തെ തിയറ്റര്‍ റിലീസിനായി നിരവധി ഉപാധികള്‍ മുന്നോട്ടുവച്ച ആന്റണി പെരുമ്പാവൂര്‍ മൂന്ന് ദിവസംകൊണ്ട് തീരുമാനം മാറ്റുകയായിരുന്നു. ഇപ്പോള്‍ ഒരു ഉപാധിയുമില്ലാതെയാണ് തിയറ്റര്‍ റിലീസിന് സമ്മതിച്ചിരിക്കുന്നത്. 
 
മരക്കാര്‍ തിയറ്ററുകളില്‍ കാണാന്‍ കൊതിച്ച് മോഹന്‍ലാലും പ്രിയദര്‍ശനും
 
മരക്കാര്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്നതില്‍ മോഹന്‍ലാലിനും പ്രിയദര്‍ശനും കടുത്ത അതൃപ്തി ഉണ്ടായിരുന്നു. തിയറ്റര്‍ റിലീസിന് ശേഷം ഒ.ടി.ടി.യിലേക്ക് കൊടുക്കാമെന്നായിരുന്നു ഇരുവരുടെയും അഭിപ്രായം. ഒ.ടി.ടി. പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുന്നതിനോട് മോഹന്‍ലാലിന് തുടക്കംമുതലേ യോജിപ്പില്ല. തിയറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്ന മോഹന്‍ലാലിന്റെ ആഗ്രഹത്തെ തുടര്‍ന്നാണ് റിലീസ് ഡേറ്റ് ഇതുവരെ നീട്ടിയത്. മരക്കാര്‍ തിയറ്ററില്‍ റിലീസ് ചെയ്യണമെന്ന താല്‍പര്യം ഉണ്ടെങ്കിലും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ഒ.ടി.ടി. റിലീസിന് മോഹന്‍ലാലും നേരത്തെ സമ്മതം മൂളിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article