ആക്രമിക്കപ്പെട്ട നടിയും കുറ്റാരോപിതനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കാലങ്ങളായി ഉള്ളതാണെന്നും അത് നേരത്തെ സംസാരിച്ച് അവസാനിപ്പിക്കേണ്ടതായിരുന്നു എന്നും നടി മംമ്‌താ മോഹൻദാസ്. ഈ സംഭവത്തില്‍ ഭാഗമായ എല്ലാവര്‍ക്കും ഇവര്‍ കടന്ന് പൊയ്‌ക്കോണ്ടിരിക്കുന്ന വഷളായ അവസ്ഥയെക്കുറിച്ച് അറിവുള്ളവരായിരുന്നുവെന്നും മംമ്ത ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
"സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നുണ്ടെങ്കില്‍ അതിന് കാരണക്കാര്‍ അവര്‍ക്കൂടി ആണ്. അവര്‍ പ്രോത്സാഹിപ്പിക്കുന്ന ചില ഘടകങ്ങളാണ് ഒടുവില്‍ ലൈംഗിക ആക്രമത്തിലേക്ക് പോലും ചെന്നെത്തുന്നത്. നമ്മളുടെ നിലപാടുകള്‍ വിളിച്ചു പറയാന്‍ ഡബ്ല്യുസിസി പോലൊരു സംഘടനയുടെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. സ്ത്രീകള്‍ മാത്രമുള്ള ഒരു സംഘടനയുടെ ആവശ്യം തനിക്ക് മനസ്സിലാകുന്നില്ല.
സ്ത്രീകളുടെ പരാതി പരിഹാരത്തില്‍ അമ്മ എത്ര ക്രിയാത്മകമായി ഇടപെടുന്നുണ്ടെന്ന് കമന്റ് പറയാന്‍ എനിക്ക് സാധിക്കില്ല. മകളെ സംരക്ഷിക്കുന്നതിന് പകരം അമ്മ മകനെ സംരക്ഷിക്കുന്നു എന്നൊക്കെ വായിച്ചപ്പോള്‍ എനിക്ക് അതൊക്കെ തമാശയ്ക്ക് തുല്യമായിട്ടാണ് തോന്നിയത്. ഒന്നാമതായി അത് പക്ഷപാതപൂര്‍ണമാണ്. രണ്ടാമതായി വായിക്കുന്ന ഒരാളെ പ്രകോപിപ്പിക്കുന്നതാണ്.
മാധ്യമങ്ങളും വായനക്കാരുടെ മനസ്സിനെ വെച്ചാണ് കളിക്കുന്നത്. ഒരു നടിയും നടനും ഉള്‍പ്പെട്ടിരിക്കുന്നതിനാല്‍ സെന്‍സേഷണലിസും അല്‍പ്പം കൂടും.
‘കാണാന്‍ ഭംഗിയുള്ള പെണ്‍കുട്ടികളാണ് കൂടുതലായും ആക്രമിക്കപ്പെടുന്നത്. കാണാന്‍ ഭംഗിയുള്ള, സെല്‍ഫ് അവെയര്‍ ആയിട്ടുള്ള സ്വതന്ത്രയായ ഒരു സ്ത്രീക്ക് അതിജീവിക്കാനും, ശക്തമായി നിലകൊള്ളാനും വലിയ ബുദ്ധിമുട്ടാണ്. എനിക്ക് തോന്നുന്നു, സമൂഹത്തിന് അവരുടെ ശക്തിയെ വെല്ലുവിളിക്കാന്‍ ഇഷ്ടമാണെന്ന്. അന്യായമായ ചില കാര്യങ്ങളുടെ ഇരയായി ഞങ്ങള്‍ മാറാറുണ്ട്. എനിക്ക് തോന്നുന്നു ആവറേജ് ലുക്കിങ് (ശരാശരി ഭംഗിയുള്ള) സ്ത്രീകള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാണെന്ന്. ജീവിതത്തിന്റെ എല്ലാ വശങ്ങളിലും, റിലേഷന്‍ഷിപ്പുകളിലും പ്രൊഫഷനിലുമെല്ലാം അവര്‍ നന്നായി ജീവിക്കുന്നു". മംമ്ത മോഹൻദാസ് പറഞ്ഞു.