Mamta Mohandas: അപ്രതീക്ഷിത അതിഥിയായി അര്‍ബുദം, പിന്നാലെ വിവാഹമോചനം; എന്നിട്ടും തളരാതെ പോരാടി മംമ്ത

രേണുക വേണു
ശനി, 13 ജനുവരി 2024 (08:02 IST)
Mamta Mohandas

Mamta Mohandas: മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയാണ് മംമ്ത മോഹന്‍ദാസ്. സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയ സമയത്താണ് മംമ്തയുടെ ജീവിതത്തിലേക്ക് കാന്‍സര്‍ എന്ന വില്ലന്‍ കടന്നുവരുന്നത്. എന്നാല്‍ മരണത്തെ മുന്നില്‍കണ്ട നിമിഷങ്ങളെ മംമ്ത പോരാടി തോല്‍പ്പിച്ചു. പഴയതിനേക്കാള്‍ ഊര്‍ജ്ജസ്വലയായി താരം സിനിമയിലേക്ക് തിരിച്ചെത്തുകയും ചെയ്തു. 
 
ശരീരത്തിലെ ലിംഫ് നോഡുകളെ ഗുരുതരമായി ബാധിക്കുന്ന ഹോഡ്ഗ്കിന്‍സ് ലിംഫോമയായിരുന്നു 2009 ല്‍ മംമ്തയില്‍ സ്ഥിരീകരിച്ചത്. സിനിമ കരിയര്‍ തുടങ്ങിയ സമയം. ഏഴ് വര്‍ഷത്തോളമാണ് മംമ്ത ഈ രോഗത്തോട് പോരാടിയത്. കരുത്തും ആത്മവിശ്വാസവും കൊണ്ട് കൃത്യമായ ചികിത്സകള്‍ നേടി മംമ്ത പിന്നീട് ജീവിതത്തിലേക്ക് തിരിച്ചെത്തി. അതിനിടയിലാണ് വിവാഹവും ഒരു വര്‍ഷത്തിനു ശേഷമുള്ള വിവാഹമോചനവും. ഇത് മംമ്തയെ മാനസികമായി ഒരുപാട് തളര്‍ത്തി. അസ്ഥിമജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പരാജയപ്പെട്ടതിനെ തുടര്‍ന്ന് 2013 ല്‍ മംമ്ത വീണ്ടും രോഗത്തിന്റെ പിടിയിലായി. 
 
ഇത്രയും പ്രതിസന്ധികള്‍ക്കിടയിലും താരം തോറ്റു കൊടുക്കാന്‍ തയ്യാറായില്ല. വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയി. കീമോ ചെയ്തതിനു ശേഷം മുടി കൊഴിഞ്ഞപ്പോള്‍ ആ ചിത്രങ്ങള്‍ പോലും ആത്മവിശ്വാസത്തോടെ സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവച്ചിരുന്നു. അങ്ങനെ ഏഴ് വര്‍ഷത്തിലേറെ കാന്‍സറിനോട് പടപൊരുതി ജയിച്ച മംമ്ത വീണ്ടും സിനിമയില്‍ സജീവമാകുകയായിരുന്നു. 
 
മലയാള സിനിമയില്‍ ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ സ്നേഹം പിടിച്ചുപറ്റിയ അഭിനേത്രിയാണ് മംമ്ത മോഹന്‍ദാസ്. മികച്ച ഗായിക കൂടിയാണ് മംമ്ത. 1984 നവംബര്‍ 14 നാണ് മംമ്ത ജനിച്ചത്. താരത്തിനു ഇപ്പോള്‍ 39 വയസ്സാണ് പ്രായം. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലും മംമ്ത അഭിനയിച്ചിട്ടുണ്ട്. 
 
2005 ല്‍ ഹരിഹരന്‍ സംവിധാനം ചെയ്ത മയൂഖം എന്ന സിനിമയിലൂടെയാണ് മംമ്തയുടെ അരങ്ങേറ്റം. പിന്നീട് ഒരുപിടി നല്ല സിനിമകളുടെ ഭാഗമായി. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ്, പൃഥ്വിരാജ്, ഫഹദ് ഫാസില്‍ തുടങ്ങിയ സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം മംമ്ത അഭിനയിച്ചിട്ടുണ്ട്. ലങ്ക, മധുചന്ദ്രലേഖ, ബാബ കല്ല്യാണി, കഥ തുടരുന്നു, അന്‍വര്‍, ജവാന്‍ ഓഫ് വെള്ളിമല, അരികെ, മൈ ബോസ്, സെല്ലുലോയ്ഡ്, ടു കണ്ട്രീസ് തുടങ്ങിയവയാണ് മംമ്തയുടെ ശ്രദ്ധേയമായ സിനിമകള്‍. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article