പപ്പടബോളി തിന്നാന്‍ മമ്മൂട്ടിയെത്തി, ഒരു പ്രോഗ്രാമിന് വിട്ടുതരണമെന്ന് സംവിധായകനോട് പള്ളീലച്ചന്‍ !

Webdunia
ശനി, 28 ജൂലൈ 2018 (17:27 IST)
മമ്മൂട്ടി കഥാപാത്രമായി മാറുന്നത് 100 ശതമാനം അര്‍പ്പണബോധത്തോടെയാണ്. അമരത്തിലെ അച്ചൂട്ടിയില്‍ ഒരിക്കലും മമ്മൂട്ടിയെ കണ്ടെത്താനാവില്ല. ഭൂതക്കണ്ണാടിയിലെ വിദ്യാധരനിലോ ഭാസ്കര പട്ടേലരിലോ വാറുണ്ണിയിലോ പൊന്തന്‍‌മാടയിലോ ബെല്ലാരിരാജയിലോ ഒരു ശതമാനം പോലും മമ്മൂട്ടി എന്ന താരമില്ല. അത് കഥാപാത്രങ്ങള്‍ മാത്രമാണ്. കഥാപാത്രമായി ജീവിക്കാന്‍ മമ്മൂട്ടിക്ക് പ്രത്യേക വൈഭവമുണ്ട്.
 
അത്തരത്തില്‍ ഒരു സംഭവം പറയാം. രസകരമായ ഒരു കാര്യമാണ്. 1992ല്‍ ടി എസ് സുരേഷ്ബാബുവിന്‍റെ കിഴക്കന്‍ പത്രോസ് എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന സമയം. പടത്തിലെ ഒരു ഗാനരംഗത്ത് മമ്മൂട്ടി യേശുക്രിസ്തുവിന്‍റെ വേഷത്തില്‍ വരുന്നുണ്ട്. ഒരു ദിവസം തിരുവനന്തപുരം ചിത്രാജ്ഞലിയില്‍ ഗാനചിത്രീകരണം കഴിഞ്ഞ് യേശുക്രിസ്തുവിന്‍റെ മേക്കപ്പില്‍ തന്നെ മമ്മൂട്ടി ഹോട്ടലിലേക്ക് തിരിച്ചു. സുരേഷ്ബാബുവും ഒപ്പമുണ്ട്. കാര്‍ തിരുവല്ലത്തെത്തിയപ്പോള്‍ ഒരു കടയില്‍ പപ്പടബോളി വില്‍ക്കുന്നത് കണ്ട് മമ്മൂട്ടി കാര്‍ നിര്‍ത്താന്‍ പറഞ്ഞു. മമ്മൂട്ടി ബോളി വാങ്ങാന്‍ കടയിലെത്തിയാല്‍ ജനം കൂടുമെന്ന് തിരിച്ചറിഞ്ഞ സംവിധായകന്‍ സുരേഷ്ബാബു കാറില്‍ നിന്നിറങ്ങി ബോളി വാങ്ങാന്‍ പോയി.
 
ആ സമയം അതുവഴി വന്ന ഒരു പള്ളീലച്ചന്‍ കാറിനുള്ളില്‍ ഇരിക്കുന്ന യേശുക്രിസ്തുവിനെ കണ്ട് ഞെട്ടി. ബോളിയും വാങ്ങിവന്ന സുരേഷ്ബാബുവിനോട് അച്ചന്‍ കാര്യം തിരക്കി. എന്തായാലും കാറിലിരിക്കുന്നത് മമ്മൂട്ടിയാണെന്ന് സുരേഷ്ബാബു പറയാന്‍ പോയില്ല. യേശുക്രിസ്തുവിന്‍റെ വേഷം കെട്ടിയ ആളെ ദൂരെ ഒരിടത്ത് പ്രോഗ്രാം അവതരിപ്പിക്കുന്നതിനായി കൊണ്ടുപോവുകയാണെന്ന് സുരേഷ്ബാബു പറഞ്ഞു. എങ്കില്‍ തങ്ങളുടെ പള്ളിയിലേക്കും ഈ യേശുക്രിസ്തുവിനെ ഒരു പ്രോഗ്രാം അവതരിപ്പിക്കാന്‍ വിട്ടുതരണമെന്ന് അച്ചന്‍ അഭ്യര്‍ത്ഥിച്ചു. ആദ്യം ഈ പ്രോഗ്രാം കഴിയട്ടേയെന്നും പള്ളിയിലെ പരിപാടിക്ക് ഫ്രീ ആയി ക്രിസ്തുവേഷം ചെയ്യാന്‍ ആ നടന്‍ തയ്യാറാകുമെന്നുമൊക്കെ പറഞ്ഞ് സുരേഷ്ബാബു അച്ചനെ പറഞ്ഞുവിട്ടു.
 
എന്തായാലും മഹാനടനായ മമ്മൂട്ടിയാണ് കാറിനുള്ളില്‍ ഇരിക്കുന്നതെന്ന് പള്ളീലച്ചന് മനസിലായില്ല. കിഴക്കന്‍ പത്രോസില്‍ ക്രിസ്തുവായി മമ്മൂട്ടി വരുന്ന രംഗം ഹിറ്റായി. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ദൈവത്തിന്‍റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിലും മമ്മൂട്ടി ഒരു രംഗത്ത് ക്രിസ്തുവേഷത്തില്‍ അഭിനയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article