ഇത് ചരിത്രം, ഒരേ വർഷം രണ്ട് 100 കോടി ചിത്രം - മോളിവുഡിൽ മമ്മൂട്ടി മാനിയ !

ചിപ്പി പീലിപ്പോസ്

വ്യാഴം, 26 ഡിസം‌ബര്‍ 2019 (15:18 IST)
ബോക്സോഫീസ് കിങ് ആകാൻ സ്റ്റാർവാല്യു ഉള്ള ഏത് നടനും സാധിക്കും. അത്ര മികച്ച സിനിമയാണെങ്കിൽ ഉറപ്പ്. എന്നാൽ, ബോക്സോഫീസില്‍ രാജാവായി സ്ഥിരമായി നില്‍ക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മലയാള സിനിമയില്‍ പ്രത്യേകിച്ചും. എന്നാൽ, ഒരേ വർഷം 2 സിനിമകളെ ബോക്സോഫീസിൽ തകർപ്പൻ പ്രകടനം കാഴ്ച വെപ്പിച്ചിരിക്കുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി. 
 
നൂറുകോടി ക്ലബില്‍ രണ്ട് മമ്മൂട്ടിച്ചിത്രങ്ങളാണ് ഇടം‌പിടിച്ചിരിക്കുന്നത്. റെക്കോഡുകള്‍ ഭേദിച്ച് മുന്നേറുകയാണ് മമ്മൂട്ടിയുടെ മാമാങ്കം. റിലീസ് ചെയ്ത് എട്ടാം ദിവസം നൂറുകോടി ക്ലബ്ബില്‍ ഇടംപടിച്ചിരിക്കുകയാണ് ഈ ചരിത്ര സിനിമ. ഏറ്റവും വേഗത്തില്‍ 100 കോടി ക്ലബിലെത്തിയ മലയാള ചിത്രമായി മാമാങ്കം മാറിയിരിക്കുകയാണ്. 
 
എം പത്മകുമാര്‍ സംവിധാനം ചെയ്ത ഈ ഇമോഷണല്‍ ത്രില്ലര്‍ നാലുഭാഷകളില്‍, നാല്‍പ്പതിലധികം രാജ്യങ്ങളിലായി രണ്ടായിരത്തോളം സ്ക്രീനുകളിലാണ് പ്രദര്‍ശിപ്പിച്ച് കൊണ്ടിരിക്കുന്നത്. ഈ വർഷം മധുരരാജയും ഈ നേട്ടം കൈവരിച്ചിരുന്നു.
 
വിഷു റിലീസായി പ്രദര്‍ശനത്തിനെത്തിയ മധുരരാജയുടെ ബജറ്റ് 27 കോടി രൂപയായിരുന്നു. വൈശാഖ് സംവിധാനം ചെയ്ത ഈ മമ്മൂട്ടി എന്‍റര്‍ടെയ്നര്‍ നേടിയത് 104 കോടി രൂപയാണ്. മമ്മൂട്ടിയുടെ ആദ്യ നൂറ് കോടി ചിത്രം കൂടെയാണ് മധുരരാജ.  
 
ഉണ്ടയുടെ സൂപ്പര്‍ഹിറ്റ് വിജയവും അന്യഭാഷകളില്‍ പേരന്‍‌പ്, യാത്ര തുടങ്ങിയ സിനിമകളുടെ വന്‍ വിജയവും മമ്മൂട്ടിയുടെ താരമൂല്യമുയര്‍ത്തിയെന്ന് നിസംശയം പറയാം. അതിനാൽ തന്നെ ഇതിനു പിന്നാലെ ഇറങ്ങിയ മാമാങ്കത്തിനു 100 കോടിയെന്ന മാജിക് നമ്പറിലേക്കെത്താൻ അധികം ദിവസമൊന്നും വേണ്ടി വന്നില്ല.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍