2019ൽ വിശ്രമമില്ല, ആദ്യ പകുതിയിൽ റിലീസ് ചെയ്യാനിരിക്കുന്നത് മമ്മൂട്ടിയുടെ ഏഴോളം ചിത്രങ്ങൾ!

കെ എസ് ഭാവന
വ്യാഴം, 27 ഡിസം‌ബര്‍ 2018 (14:28 IST)
നിരവധി മികച്ച ചിത്രങ്ങൾ സിനിമാ പ്രേമികൾക്ക് സമ്മാനിച്ച് 2018 അവസാനിക്കാൻ പോകുകയാണ്. 2019ൽ ആദ്യപകുതിയിൽ തന്നെ പ്രേക്ഷക മനസ്സ് കീഴടക്കാൻ എത്തുന്നത് മമ്മൂട്ടി ചിത്രങ്ങൾ തന്നെയാണ്. പേരൻപ്, യാത്ര, ഉണ്ട, മധുരരാജ, പതിനെട്ടാം പടി, മാമാങ്കം എന്നീ ഏഴോളം ചിത്രങ്ങളാണ് മമ്മൂട്ടിയ്‌ക്ക് അടുത്ത വർഷം ആദ്യം വരാനിരിക്കുന്നത്.
 
പുതുവർഷത്തിൽ പ്രേക്ഷകര്‍ എറ്റവും കൂടുതല്‍ കാത്തിരിക്കുന്ന സിനിമകളുടെ പോപ്പുലാരിറ്റി ലിസ്റ്റ് ഐഎംഡിബി പുറത്തുവിട്ടിരുന്നു. ഇതില്‍ മമ്മൂക്കയുടെ തെലുങ്ക് ചിത്രം യാത്രയാണ് ഒന്നാമതെത്തിയിരിക്കുന്നത്. യാത്രയ്ക്ക് പിന്നാലെയാണ് മറ്റു ഇന്‍ഡസ്ട്രികളിലെ സിനിമകൾക്ക് പോലും സ്ഥാനം ഉള്ളത്. മഹി വി രാഘവ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ കിടിലൻ പ്രകടനത്തിനാണ് ആരാധകർ കാത്തിരിക്കുന്നത്.
 
തങ്കമീന്‍കള്‍ എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം നേടിയ റാം ഒരുക്കിയ പേരന്‍പിനായി ആരാധകർ കാത്തിരിക്കുകയാണ്. ചിത്രം അടുത്ത വർഷം ഫെബ്രുവരി 28ന് റിലീസിനെത്തും എന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി ഒരു വര്‍ഷത്തിലേറേയായെങ്കിലും വിവിധ ചലച്ചിത്രോല്‍സവങ്ങളിലെ പ്രദര്‍ശനത്തിനു ശേഷമാണ് റിലീസിന് തയാറെടുക്കുന്നത്. 
 
അനുരാഗ കരിക്കിൻ വള്ളത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ‘ഉണ്ട’. സബ്‌ ഇൻസ്‌പെക്‌ടർ മണിയായാണ് മമ്മൂക്ക ചിത്രത്തിൽ എത്തുന്നത്. ഉണ്ട എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യതയായിരുന്നു ആരാധകര്‍ നല്‍കിയിരുന്നത്.
 
മലയാളത്തിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയ ചിത്രമായ പുലിമുരുഗന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമാണ് മധുരരാജ. വമ്പൻ ഹിറ്റായ പോക്കിരിരാജയ്ക്ക് ശേഷം മമ്മൂട്ടിയും വൈശാഖും ഒന്നിക്കുന്ന സിനിമയെന്ന പ്രത്യേകത കൂടി മധുരരാജയ്‌ക്കുണ്ട്.
 
നടനും തിരക്കഥാകൃത്തുമായ ശങ്കര്‍ രാമകൃഷ്ണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പതിനെട്ടാം പടി. ആഗസ്റ്റ് സിനിമയുടെ ബാനറില്‍ ഷാജി നടേശന്‍ നിര്‍മ്മിക്കുന്ന സിനിമ കഴിഞ്ഞ വര്‍ഷമായിരുന്നു പ്രഖ്യാപിച്ചത്. ചിത്രത്തിൽ മമ്മൂട്ടി ജോയിൻ ചെയ്തു കഴിഞ്ഞു. 
 
മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചരിത്ര സിനിമയാണ് മാമാങ്കം. ചിത്രത്തിന്റെ രണ്ട് ഷെഡ്യൂൾ പൂർത്തിയാക്കിയിരിക്കുകയാണ്. എന്നാൽ ചിത്രം ഇപ്പോൾ ചില വിവാദങ്ങൾ നേരിടുകയാണ്. എന്തുതന്നെയായാലും 2019ൽ തന്നെ ചിത്രം പ്രേക്ഷകരിലേക്ക് എത്തും എന്നുതന്നെയാണ് സൂചനകൾ. അതേസമയം, ബിലാലും അമീറും ഈ വർഷം തന്നെ എത്തുമെന്നും പ്രേക്ഷകർ കരുതുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article