മൂന്നേ മൂന്നു സിനിമകള്‍. മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്തത് മൂന്നു സിനിമകള്‍ മാത്രമാണ്. വിവിധ ഭാഷകളിലായി നൂറോളം സിനിമകളെടുത്ത സംവിധായകനാണ് പ്രിയന്‍. കൂടുതല്‍ ചിത്രങ്ങളിലും മോഹന്‍ലാലായിരുന്നു നായകന്‍. പറയാനും വയ്യ പറയാതിരിക്കാനും വയ്യ, രാക്കുയിലിന്‍ രാഗസദസില്‍, മേഘം എന്നീ സിനിമകളില്‍ മാത്രമാണ് മമ്മൂട്ടി അഭിനയിച്ചത്.
എന്തുകൊണ്ടാണ് പ്രിയന് ഇത്ര മമ്മൂട്ടിവിരോധം? അതൊരിക്കലും ‘മമ്മൂട്ടിവിരോധം’ അല്ല. മമ്മൂട്ടിയെ നായകനാക്കി സിനിമകള്‍ ചെയ്യാന്‍ കഴിയാത്തത് തന്‍റെ തന്നെ കുറ്റമാണെന്നാണ് പ്രിയന്‍ വിശ്വസിക്കുന്നത്.
മമ്മൂട്ടിക്കുവേണ്ടി കഥകള്‍ ഉണ്ടാക്കാന്‍ കഴിയാത്തതാണ് പ്രശ്നമെന്നും എന്തുകൊണ്ടോ പലപ്പോഴും മോഹന്‍ലാലിനുപറ്റിയ കഥകളാണ് കിട്ടാറുളളതെന്നും പ്രിയന്‍ തന്നെ പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. ബോധപൂര്‍വമല്ല മമ്മൂട്ടിയെ അഭിനയിപ്പിക്കാത്തത്.
പ്രിയദര്‍ശന്‍റെ സിനിമകള്‍ മിക്കതിനും പല ഹോളിവുഡ് സിനിമകളുടെയും ടച്ചുണ്ട്. താന്‍ ഒരു നല്ല മോഷ്ടാവാണെന്ന് പ്രിയന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. “എന്‍റെ കിലുക്കത്തിന് 'റോമന്‍ ഹോളിഡേ'യുടെ ടച്ചുണ്ട്. അത് കണ്ടുപിടിക്കാന്‍ ഇടം കൊടുക്കാതിരിക്കുന്നതാണ് ഒരു സംവിധായകന്‍റെ കല. ഞാന്‍ ഒരു സിനിമയിലെ കഥ അതേപടി മോഷ്‌ടിക്കാറില്ല. മോഷണം ഒരു കലയാക്കി മാറ്റാനാണ് ശ്രമിച്ചിട്ടുള്ളത്. മിക്ക സംവിധായകരും എഴുത്തുകാരും മോഷ്‌ടാക്കളാണ്. പലര്‍ക്കും മോഷണം കലയാക്കിമാറ്റാന്‍ കഴിയുന്നില്ല. അതുകൊണ്ട് അതു കണ്ടുപിടിക്കപ്പെടുന്നു” - ഒരഭിമുഖത്തില്‍ പ്രിയന്‍ പറഞ്ഞിരുന്നു.