ഫോബ്സ് മാസിക പുറത്തുവിട്ട ഇന്ത്യയിലെ സെലിബ്രിറ്റികളുടെ സമ്പന്ന പട്ടികയിൽ മമ്മൂട്ടിയും നയൻതാരയും. മലയാള വിനോദരംഗത്തു നിന്ന് ഇതാദ്യമായാണ് ഒരാൾ ഫോബ്സ് പട്ടികയിൽ ഇടംനേടുന്നത്.
18 കോടി രൂപയുടെ സമ്പാദ്യവുമായി 49മത് സ്ഥാനത്ത് മമ്മൂട്ടി നില്‍ക്കുമ്പോള്‍ ബോളിവുഡ് നടൻ സൽമാൻ ഖാൻ 253.25 കോടിയുമായി ഒന്നാം സ്ഥാനത്താണ്. മൂന്നാം തവണയാണ് സൽമാൻ ഈ നേട്ടം സ്വന്തമാക്കുന്നത്.
തെന്നിന്ത്യന്‍ താരറാണി 15.17 കോടി രൂപയുടെ സമ്പാദ്യവുമായി 69മതാണ്.
സല്‍മാന്‍ കഴിഞ്ഞാല്‍ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ വിരാട് കോഹ്‍ലിയാണ് (228.09 കോടി) പട്ടികയിൽ രണ്ടാം സ്ഥാനത്ത്. 185 കോടി നേടി ബോളിവുഡ് നടൻ അക്ഷയ് കുമാറാണ് മൂന്നാമത്. 112.8 കോടി രൂപയുടെ സമ്പാദ്യവുമായി ദീപിക നാലാം സ്ഥാനത്തെത്തി. കഴിഞ്ഞ വർഷം രണ്ടാം സ്ഥാനത്തുണ്ടായിരുന്നു ഷാരൂഖ് ഖാൻ പതിമൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
എആർ റഹ്‌മാൻ ആണ് തെന്നിന്ത്യയിലെ ഒന്നാമൻ. 66.75 കോടി രൂപയുമായി പതിനൊന്നാമതെത്തി. 50 കോടിയുമായി രജനികാന്ത് 14മത് സ്ഥാനത്താണ്. 30.33 കോടിയുമായി വിജയ് 26മത് എത്തിയപ്പോള്‍ 26 കോടിയുമായി വിക്രം 29മതുണ്ട്. 34മത് സ്ഥാനം വിജയ് സേതുപതിയും സൂര്യയും പങ്കിട്ടു. ഇരുവർക്കും 23.67 കോടിയാണ് സമ്പാദ്യം.
മഹേന്ദ്രസിംഗ് ധോണി (101.77 കോടി), ആമിർ ഖാൻ (97.5 കോടി), അമിതാഭ് ബച്ചൻ (96.17 കോടി), രൺവീർ സിംഗ് (84.67 കോടി), സച്ചിൻ തെൻഡുൽക്കർ (80 കോടി), അജയ് ദേവ്‌ഗൺ (74 കോടി) തുടങ്ങിയവരും ആദ്യ പത്തിൽ ഇടംപിടിച്ചു.
2017 ഒക്ടോബർ മുതൽ 2018 സെപ്റ്റംബർ വരെയുള്ള ഒരു വർഷക്കാലത്തെ വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് 100 പേരുടെ പട്ടിക ഫോബ്‌സ് തയ്യാറാക്കിയിരിക്കുന്നത്.