കഥയൊക്കെ വ്യത്യസ്തം തന്നെ, പക്ഷേ ഇത് വേണോ? - മമ്മൂട്ടി ലോഹിയോട് ചോദിച്ചു!

Webdunia
തിങ്കള്‍, 10 ഡിസം‌ബര്‍ 2018 (18:34 IST)
മലയാളസിനിമയുടെ പുണ്യമായിരുന്നു ലോഹിതദാസ്. കാമ്പുള്ള കഥകള്‍ കണ്ടെത്തുകയും അതില്‍ നിന്ന് അതിമനോഹരമായ തിരക്കഥകള്‍ സൃഷ്ടിക്കുകയും ചെയ്ത മാന്ത്രികന്‍. നമ്മുടെ താരങ്ങള്‍ വൈവിധ്യമാര്‍ന്ന എത്രയെത്ര ലോഹിക്കഥാപാത്രങ്ങളിലൂടെ കടന്നുപോയി!
 
തിരക്കഥ നേരെ അങ്ങ് എഴുതുകയായിരുന്നു ലോഹിതദാസിന്‍റെ രചനാരീതി. കഥയും കഥാപാത്രങ്ങളുമൊക്കെ അപ്പോഴപ്പോള്‍ മനസില്‍ വരുന്നതുപോലെ സംഭാഷണങ്ങളടക്കം എഴുതുന്ന ശൈലി. വണ്‍ലൈന്‍ എഴുതുന്നത് ശീലിച്ചിട്ടേയില്ല. 
 
എന്നാല്‍ ഒരു സിനിമയ്ക്ക് വേണ്ടി ലോഹിതദാസിന് വണ്‍‌ലൈന്‍ എഴുതേണ്ടിവന്നു. അത് മമ്മൂട്ടി നായകനായ ഐ വി ശശി ചിത്രം ‘മൃഗയ’യ്ക്ക് വേണ്ടിയായിരുന്നു. മൃഗയയുടെ കഥ ഇങ്ങനെയാണ് ലോഹി മമ്മൂട്ടിയോട് പറഞ്ഞത് - “ഒരു ഗ്രാമത്തില്‍ പുലിയിറങ്ങുന്നു. പുലിയെ പിടിക്കാന്‍ ഒരു വേട്ടക്കാരനെ കൊണ്ടുവരുന്നു. അയാള്‍ പുലിയേക്കാള്‍ വലിയ തലവേദനയാകുന്നു”.
 
പുലിയുമായുള്ള ഇടപാട് മമ്മൂട്ടിക്ക് അത്ര പഥ്യമായില്ല. വ്യത്യസ്തതയുള്ള കഥയാണെങ്കിലും ഇത് വേണോ എന്നൊരു സംശയം മമ്മൂട്ടിക്കുണ്ടായിരുന്നു. എന്നാല്‍ ഐ വി ശശിക്ക് കഥ ഇഷ്ടമായി.
 
കഥ വിശദമായി കേള്‍ക്കുമ്പോള്‍ മമ്മൂട്ടിക്ക് ഇഷ്ടമാകുമെന്നും ലോഹി ഒരു വണ്‍ലൈന്‍ എഴുതാനും ഐ വി ശശി നിര്‍ദ്ദേശിച്ചു. അന്നുവരെ ഒരു സിനിമയ്ക്കും ലോഹി വണ്‍ലൈന്‍ എഴുതിയിരുന്നില്ല. വണ്‍ലൈന്‍ എഴുതിക്കഴിഞ്ഞാല്‍ പിന്നെ തിരക്കഥയെഴുതാന്‍ ഒരു ത്രില്‍ ഇല്ലെന്നാണ് ലോഹിയുടെ അഭിപ്രായം. ഐ വി ശശി നിര്‍ബന്ധിച്ചപ്പോള്‍ ലോഹിതദാസ് വണ്‍ലൈന്‍ എഴുതാന്‍ തീരുമാനിച്ചു.
 
മൃഗയ ആ വര്‍ഷത്തെ വലിയ വിജയമായി. ഐ വി ശശിക്ക് മികച്ച സംവിധായകനും മമ്മൂട്ടിക്ക് മികച്ച നടനുമുള്ള പുരസ്കാരങ്ങള്‍ കിട്ടി. വാറുണ്ണി എന്ന മമ്മൂട്ടിക്കഥാപാത്രം പ്രേക്ഷകര്‍ക്ക് എക്കാലത്തേക്കും ഓര്‍ത്തുവയ്ക്കാനുള്ള മികച്ച സൃഷ്ടിയായി.

അനുബന്ധ വാര്‍ത്തകള്‍

Next Article