ജോണി ആന്‍റണിക്കും മാര്‍ത്താണ്ഡനും വീണ്ടും മമ്മൂട്ടി ഡേറ്റ് നല്‍കുന്നു?

Webdunia
ശനി, 28 ജൂലൈ 2018 (15:28 IST)
മമ്മൂട്ടിയുടെ പ്രിയപ്പെട്ട സംവിധായകരാണ് ജോണി ആന്‍റണിയും മാര്‍ത്താണ്ഡനും. വളരെ വേഗത്തില്‍ കൊമേഴ്സ്യല്‍ ഹിറ്റൊരുക്കാനുള്ള മിടുക്കാണ് ഈ സംവിധായകരെ മമ്മൂട്ടിക്ക് പ്രിയങ്കരരാക്കുന്നത്. മികച്ച കഥകള്‍ കണ്ടെത്തി പെട്ടെന്ന് പ്രൊജക്ടുകള്‍ സൃഷ്ടിക്കാനും അവയെ മികച്ച പാക്കേജാക്കി മാറ്റാനും ഇരുവര്‍ക്കും കഴിയുന്നു. അടുത്ത വര്‍ഷം ഈ രണ്ട് സംവിധായകര്‍ക്കും മമ്മൂട്ടി ഡേറ്റ് നല്‍കാന്‍ സാധ്യതയുണ്ടെന്നാണ് സൂചനകള്‍.
 
തോപ്പില്‍ ജോപ്പനാണ് ജോണി ആന്‍റണി ഒടുവില്‍ സംവിധാനം ചെയ്ത മമ്മൂട്ടിച്ചിത്രം. പുലിമുരുകനൊപ്പം റിലീസാകുകയും മികച്ച വിജയം വെട്ടിപ്പിടിക്കുകയും ചെയ്ത തോപ്പില്‍ ജോപ്പന്‍ മമ്മൂട്ടിക്കും ഏറെ പ്രിയപ്പെട്ട ചിത്രമാണ്. തുറുപ്പുഗുലാന്‍, ഈ പട്ടണത്തില്‍ ഭൂതം, താപ്പാന തുടങ്ങിയ ഹിറ്റുകളും മമ്മൂട്ടിക്ക് സമ്മാനിച്ചത് ജോണി ആന്‍റണിയാണ്.
 
ദൈവത്തിന്‍റെ സ്വന്തം ക്ലീറ്റസ് ആണ് മാര്‍ത്താണ്ഡന്‍ മമ്മൂട്ടിക്ക് നല്‍കിയ സൂപ്പര്‍ഹിറ്റ്. പിന്നീട് അഛാദിന്‍ എന്ന ശരാശരി വിജയം നേടിയ സിനിമയും മമ്മൂട്ടിക്കായി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്തു. ‘ജോണി ജോണി യെസ് അപ്പാ’ എന്ന പ്രൊജക്ട് കഴിഞ്ഞാലുടന്‍ മാര്‍ത്താണ്ഡന്‍ ഒരു മമ്മൂട്ടി സിനിമ പ്ലാന്‍ ചെയ്യുമെന്നാണ് അറിയുന്നത്.
 
പ്രിയദര്‍ശന്‍, സിദ്ദിക്ക് തുടങ്ങിയവരുടെ സിനിമകളും അടുത്ത വര്‍ഷം മമ്മൂട്ടിയുടെ മെഗാഹിറ്റ് പ്രതീക്ഷകളാണ്. അണിയറയില്‍ മൂന്ന് മമ്മൂട്ടിച്ചിത്രങ്ങള്‍ ഒരേസമയം ചിത്രീകരണത്തിന്‍റെ വിവിധ ഘട്ടങ്ങളിലാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article