എം പദ്മകുമാർ സംവിധാനം ചെയ്ത ജോസഫ് എന്ന ചിത്രത്തിൽ ജോജു ജോർജ് മാസ്മരിക പ്രകടനമാണ് കാഴ്ച വെച്ചത്. അർഹിച്ച അംഗീകാരം ജോജുവിനെ തേടിയിപ്പോൾ എത്തിയിരിക്കുകയാണ്. ജോസഫ്, ചോല എന്നീ സിനിമകളിലെ അഭിനയത്തിന് മികച്ച സ്വഭാവ നടനുള്ള സംസ്ഥാന അവാർഡ് ആണ് താരത്തെ തേടി എത്തിയിരിക്കുന്നത്.
ഇതോടെ ജോജുവിന് അഭിനന്ദന പ്രവാഹമാണ്. സിനിമാ മേഖലയിലുള്ള ഒട്ടുമിക്ക ആളുകളും താരത്തിന് അഭിനന്ദനം അറിയിച്ച് കഴിഞ്ഞു. ഈ സാഹചര്യത്തിൽ ജോജുവിന് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു അഭിനന്ദനമുണ്ട്. മറ്റാരും ആശംസ അറിയിക്കുന്നതിന് മുന്നേ ജോജുവിനെ തേടിയെത്തിയ ആ ആശംസ മമ്മൂട്ടിയുടേതായിരുന്നു.
ജോശഫ് സിനിമ റിലീസ് ആയ സമയത്തായിരുന്നു അത്. ആ വാട്സാപ് സന്ദേശം ഇങ്ങനെയായിരുന്നു ‘ജോജൂ... കൊള്ളാം പടവും നടിപ്പും’ എന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. സന്ദേശം ലഭിച്ചപ്പോൾ തനിക്കുണ്ടായ ആഹ്ലാദം പറഞ്ഞറിയിക്കാൻ കഴിയാത്തതായിരുന്നുവെന്ന് ജോജു തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ‘ഇതാണ് എനിക്ക് കിട്ടിയ ആദ്യ അഭിനന്ദനം, ആദ്യ അവാർഡും. മമ്മൂക്ക അയച്ച ആ സന്ദേശം എത്രയോ അവാർഡുകൾക്ക് തുല്യമാണ്’ എന്നായിരുന്നു ഇതിനെ കുറിച്ച് ജോജു പ്രതികരിച്ചത്.
ജോജുവിന് സംസ്ഥാന അവാർഡ് ലഭിച്ചതിനുശേഷവും മമ്മൂട്ടി അദ്ദേഹത്തെ വിളിച്ച് അഭിനന്ദനം അറിയിച്ച് കഴിഞ്ഞു. നേരത്തേ സാമൂഹ്യമാധ്യമങ്ങൾ വഴിയും മമ്മൂട്ടി അഭിനന്ദന്ം അറിയിച്ചതാണ്. ജോസഫ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആദ്യം പുറത്തുവിട്ടത് മമ്മൂട്ടി ആയിരുന്നു.