ഭീഷ്മപര്‍വ്വത്തിനു ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം 2025 ല്‍ ആരംഭിക്കും. മഹേഷ് നാരായണന്‍ ചിത്രത്തിനു ശേഷമായിരിക്കും മമ്മൂട്ടി - അമല്‍ നീരദ് ചിത്രം ആരംഭിക്കുക. ബോഗയ്ന്‍വില്ലയ്ക്കു ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയായിരിക്കും ഇത്.
അടുത്ത വര്‍ഷം ഏപ്രിലില്‍ ആയിരിക്കും ചിത്രീകരണം ആരംഭിക്കുകയെന്നാണ് റിപ്പോര്‍ട്ട്. മമ്മൂട്ടി ചിത്രത്തിനു ശേഷമായിരിക്കും തമിഴ് നടന്‍ സൂര്യയെ നായകനാക്കിയുള്ള ചിത്രത്തിലേക്ക് അമല്‍ നീരദ് കടക്കുക. ഈ സിനിമയില്‍ മോഹന്‍ലാലും ഭാഗമാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല.
അതേസമയം മമ്മൂട്ടിയും അമല്‍ നീരദും വീണ്ടും ഒന്നിക്കുമ്പോള്‍ അത് ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാലിനു ആയിരിക്കുമോ എന്ന സംശയം ആരാധകര്‍ക്കുണ്ട്. ബിലാല്‍ പ്രഖ്യാപിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും പിന്നീട് ഇതുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകളൊന്നും പുറത്തുവന്നിട്ടില്ല.