നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ശത്രുപക്ഷത്തുളള വ്യക്തികളില്‍ ഒരാളാണ് നിര്‍മ്മാതാവും സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ അധ്യക്ഷനുമായ ലിബര്‍ട്ടി ബഷീര്‍. തന്നെ കേസിൽ കുടുക്കിയതിന് പിന്നിൽ ലിബർട്ടി ബഷീറും ഉണ്ടെന്ന് ദിലീപ് ആരോപിച്ചിരുന്നു. അമ്മയിലെ കല്ലുകടിയെ കുറിച്ചാണ് ലിബർട്ടി ബഷീർ ഇപ്പോൾ പറയുന്നത്.
ദിലീപിനോട് രാജി ചോദിച്ച് വാങ്ങിയെന്ന് മോഹന്‍ലാലും, അങ്ങനല്ല സ്വയമേ രാജി വെച്ചതാണെന്ന് ദിലീപും പറയുന്നു. ദിലീപിന്റെ ഉന്നം മോഹന്‍ലാലാണ് അദ്ദേഹത്തെ ദിലീപ് തരംതാഴ്ത്തുകയാണെന്നും ലിബർട്ടി ബഷീർ പറയുന്നു. ജാമ്യം കിട്ടി പുറത്തുവന്നത് മുതൽ ദിലീപിനെതിരെ ലിബർട്ടി ബഷീർ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
ദിലീപിനെ അമ്മയില്‍ നിന്നും പുറത്താക്കിയതാണ് എന്ന് മോഹന്‍ലാല്‍ പത്രസമ്മേളനത്തിലോ വാര്‍ത്താക്കുറിപ്പിലോ മറ്റ് എവിടെയെങ്കിലുമോ പറഞ്ഞിട്ടില്ല. രാജി ആവശ്യപ്പെട്ടു എന്നാണ് പറഞ്ഞത്. അത് സത്യവുമാണ്.
സ്വാഭാവികമായും അമ്മയ്ക്ക് മേല്‍ സമ്മര്‍ദ്ദം വന്നുകാണണം. അപ്പോള്‍ രാജി ആവശ്യപ്പെടും. അല്ലാതെ അത് പുറത്താക്കല്‍ അല്ല. ദിലീപിന്റെ രാജിക്കത്തില്‍ മോഹന്‍ലാലിനെ തരംതാഴ്‌ത്തേണ്ട ആവശ്യം ഇല്ലായിരുന്നു. ഇപ്പോള്‍ രാജിക്കത്തില്‍ ദിലീപ് പറയുന്നു ജ്യേഷ്ഠസഹോദരനായ മോഹന്‍ലാലിനോട് ആലോചിച്ചു എന്ന്.
അതേ കത്തില്‍ തന്നെ പറയുന്നു തന്നെ പുറത്താക്കിയിട്ടില്ല എന്നും. ദിലീപിനെ പുറത്താക്കിയെന്ന് ലാല്‍ പറഞ്ഞിട്ടില്ല. രാജി ചോദിച്ചു എന്ന് തന്നെയാണ് പറഞ്ഞിട്ടുള്ളത്. അമ്മയില്‍ നിന്നും പുറത്ത് പോകേണ്ടി വന്ന ഗതികെട്ട മാനസികാവസ്ഥയുടെ ഭാഗമാണ് ദിലീപിന്റെ രാജിക്കത്തും ഫേസ്ബുക്ക് പോസ്റ്റും.
ആരാധകരില്‍ നിന്നും സിനിമാക്കാരില്‍ നിന്നും ദിലീപ് അകന്ന് കൊണ്ടിരിക്കുകയാണ്. അത് തിരിച്ച് പിടിക്കാനുളള നാടകമാണിപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നതെന്നും ലിബര്‍ട്ടി ബഷീര്‍ ആരോപിച്ചു. താന്‍ ഇല്ലാത്ത സംഘടന ഉണ്ടാവരുത് എന്ന ദുഷിച്ച ചിന്താഗതിയോടെയാണ് മോഹന്‍ലാലിന്റെയും അമ്മയുടേയും പേരില്‍ ദിലീപ് പോസ്റ്റിട്ടത് എന്നും ലിബര്‍ട്ടി ബഷീര്‍ കുറ്റപ്പെടുത്തി.