ആരാധകരുടെ ആവേശത്തോടെയുള്ള കാത്തിരിപ്പിന് അവസാനമാകുന്നു. കേരളക്കര കീഴടക്കാന്‍ കോട്ടയം കുഞ്ഞച്ചന്‍ വീണ്ടും വരുന്നു. കോട്ടയം കുഞ്ഞച്ചന് രണ്ടാം ഭാഗം വരുന്നു എന്ന വാര്‍ത്ത മമ്മൂട്ടി ആരാധകര്‍ ആഹ്ലാദത്തോടെയാണ് കേട്ടത്.
അവര്‍ അത്രയേറെ പ്രതീക്ഷയര്‍പ്പിച്ച ഒരു പ്രൊജക്ടാണ് അത്. എന്നാല്‍ അതിന് ശേഷം കോട്ടയം കുഞ്ഞച്ചന്‍റെ നിര്‍മ്മാതാവ് എം മണി എതിര്‍പ്പ് പ്രകടിപ്പിച്ചപ്പോള്‍ കുഞ്ഞച്ചന്‍ വീണ്ടും വരാനുള്ള സാധ്യത മങ്ങി.
ഇപ്പോള്‍ എല്ലാ പ്രശ്നങ്ങളും അവസാനിച്ചിരിക്കുന്നു എന്നതാണ് പുതിയ വിവരം. കോട്ടയം കുഞ്ഞച്ചന്‍ 2 സംഭവിക്കും. നിര്‍മ്മാതാവ് വിജയ് ബാബുവാണ് ഇക്കാര്യം അറിയിച്ചത്.
തന്‍റെ അനുവാദമില്ലാതെ എങ്ങനെ രണ്ടാം ഭാഗം ചെയ്യുമെന്നായിരുന്നു എം മണിയുടെ ചോദ്യം. അത് ന്യായമായ കാര്യം തന്നെയാണ്. നിര്‍മ്മാതാവിന്‍റെ സമ്മതമില്ലാതെ ചിത്രത്തിന് തുടര്‍ച്ച ചെയ്യാന്‍ കഴിയില്ല. എന്നാല്‍ അനുമതി നേരത്തേ ചോദിച്ചിരുന്നുവെന്നും വാക്കാല്‍ അനുമതി തന്നിരുന്നു എന്നുമായിരുന്നു കുഞ്ഞച്ചന്‍ 2ന്‍റെ നിര്‍മ്മാതാവ് വിജയ് ബാബുവിന്‍റെ വാദം. അനുവാദം രേഖാമൂലം വാങ്ങാതിരുന്നതിന്‍റെ പ്രശ്നമാണ് സംഭവിച്ചത്.
എന്തായാലും പ്രശ്നങ്ങളെല്ലാം ഇപ്പോള്‍ അവസാനിച്ചിരിക്കുന്നു. മിഥുന്‍ മാനുവല്‍ തോമസ് ആണ് കോട്ടയം കുഞ്ഞച്ചന്‍ 2 സംവിധാനം ചെയ്യുന്നത്.