മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്‌ക്വാഡ് 50 കോടി ക്ലബില്‍

Webdunia
വെള്ളി, 6 ഒക്‌ടോബര്‍ 2023 (16:10 IST)
മമ്മൂട്ടിയെ നായകനാക്കി റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂര്‍ സ്‌ക്വാഡ് 50 കോടി ക്ലബില്‍. റിലീസ് ചെയ്ത് ഒന്‍പതാം ദിവസമാണ് ചിത്രം വേള്‍ഡ് വൈഡ് കളക്ഷനില്‍ 50 കോടി മറികടക്കുന്നത്. തുടര്‍ച്ചയായി രണ്ടാം വര്‍ഷവും 50 കോടി ചിത്രം എന്ന നേട്ടവും മമ്മൂട്ടി കൈവരിച്ചു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഭീഷ്മ പര്‍വ്വം 80 കോടിയിലേറെ കളക്ട് ചെയ്തിരുന്നു. 
 
കേരളത്തിലും ജിസിസിയിലും മികച്ച പ്രതികരണമാണ് കണ്ണൂര്‍ സ്‌ക്വാഡിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത കുഞ്ചാക്കോ ബോബന്‍ ചിത്രം ചാവേര്‍ നിരാശപ്പെടുത്തിയതോടെ കണ്ണൂര്‍ സ്‌ക്വാഡിന് ഇനിയും തിരക്ക് കൂടുമെന്ന് ഉറപ്പായി. ഒക്ടോബര്‍ 19 ന് ലിയോ റിലീസ് ചെയ്യുന്നതു വരെ മമ്മൂട്ടി ചിത്രത്തിനു ഭീഷണിയായി വേറൊരു സിനിമയും തിയറ്ററുകളില്‍ ഇല്ല. 
 
അതേസമയം 2023 ല്‍ റിലീസായ മലയാള സിനിമകളില്‍ ആദ്യ വീക്കെന്‍ഡില്‍ ഏറ്റവും കൂടുതല്‍ കളക്ട് ചെയ്ത സിനിമയെന്ന നേട്ടം കണ്ണൂര്‍ സ്‌ക്വാഡ് നേരത്തെ സ്വന്തമാക്കിയിരുന്നു. റിലീസിനു ശേഷമുള്ള ആദ്യ ഞായറാഴ്ച നാലര കോടിക്ക് മുകളില്‍ ചിത്രം കളക്ട് ചെയ്തു. ജൂഡ് ആന്റണി ചിത്രം 2018 ന്റെ റെക്കോര്‍ഡാണ് കണ്ണൂര്‍ സ്‌ക്വാഡ് മറികടന്നത്. 2018 ന് ആദ്യ ഞായറാഴ്ച 4.12 കോടിയാണ് കേരളത്തില്‍ നിന്ന് കളക്ട് ചെയ്യാന്‍ സാധിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച നാലാമത്തെ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article