Kanguva Day 1 Box Office Collection: സൂര്യയെ നായകനാക്കി ശിവ സംവിധാനം ചെയ്ത കങ്കുവ ആദ്യദിനം 40 കോടി കളക്ട് ചെയ്തു. ആഗോള തലത്തില്‍ ആദ്യദിന കളക്ഷന്‍ 40 കോടിക്ക് അടുത്താണെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. ആദ്യ ഷോയ്ക്കു ശേഷം മോശം പ്രതികരണമാണ് സിനിമയ്ക്കു ലഭിച്ചത്. പോസിറ്റീവ് പ്രതികരണങ്ങള്‍ ലഭിച്ചിരുന്നെങ്കില്‍ ആദ്യദിന കളക്ഷന്‍ 50 കോടിക്ക് മുകളില്‍ പോകേണ്ടതായിരുന്നു.
സാക്‌നില്‍ക് റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് 22 കോടിയാണ് കങ്കുവ ആദ്യദിനം കളക്ട് ചെയ്തിരിക്കുന്നത്. ഫ്രൈഡേ മാറ്റിനി റിപ്പോര്‍ട്ട് പ്രകാരം കേരള ബോക്‌സ്ഓഫീസില്‍ നിന്ന് നാല് കോടിയിലേറെ കളക്ട് ചെയ്യാന്‍ കങ്കുവയ്ക്ക് സാധിച്ചിട്ടുണ്ട്. അതേസമയം തമിഴ്‌നാട്ടില്‍ 37.25 ശതമാനം മാത്രമായിരുന്നു ആദ്യദിന ഒക്യുപ്പെന്‍സി. ആദ്യ ഷോയ്ക്കു ശേഷം വന്ന നെഗറ്റീവ് പ്രതികരണങ്ങളാണ് കങ്കുവയ്ക്ക് തമിഴ്‌നാട്ടില്‍ തിരിച്ചടിയായത്. ഹിന്ദി ഒക്യുപ്പെന്‍സി വെറും 11.47 ശതമാനം മാത്രമായിരുന്നു. നോര്‍ത്ത് ബെല്‍റ്റില്‍ കങ്കുവ വന്‍ പരാജയമാകുമെന്ന് ആദ്യദിന കണക്കുകളില്‍ നിന്ന് വ്യക്തമാണ്.
അതേസമയം രണ്ടാം ദിനമായ ഇന്നുമുതല്‍ ഓണ്‍ലൈന്‍ ബുക്കിങ്ങില്‍ അടക്കം വന്‍ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ കളക്ഷന്‍ വലിയ തോതില്‍ കുറയുമെന്ന് ഇതോടെ ഉറപ്പായി. കേരളത്തില്‍ ഈ വീക്കെന്‍ഡോടെ കങ്കുവ വീഴാനാണ് സാധ്യത. സൂര്യയുടെ പെര്‍ഫോമന്‍സ് പോലും സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ വിമര്‍ശിക്കപ്പെടുന്നുണ്ട്.
ശിവയ്‌ക്കൊപ്പം ആദി നാരായണ, മധന്‍ കര്‍കി എന്നിവര്‍ ചേര്‍ന്നാണ് കങ്കുവയുടെ രചന. സൂര്യക്കൊപ്പം ബോബി ദിയോള്‍, ദിശ പട്ടാണി എന്നിവരും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു. വെട്രി പളനസ്വാമിയാണ് ഛായാഗ്രഹണം. സംഗീതം ദേവി ശ്രീ പ്രസാദ്.