അങ്ങനെ മറക്കാൻ കഴിയുമോ ഈ മണിമുത്തിനെ? കലാഭവൻ മണിയുടെ പേരിൽ സംസ്ഥാനതല ഓണംകളി മത്സരം വരുന്നു!

Webdunia
ചൊവ്വ, 18 ഒക്‌ടോബര്‍ 2016 (17:41 IST)
അന്തരിച്ച നടൻ കലാഭ‌വൻ മണിയുടെ പേരിൽ സംസ്ഥാന‌തല ഓണംകളി മത്സരം നടത്താൻ തയ്യാറെടുത്ത് സംസ്ഥാന സർക്കാർ. മധ്യകേരളത്തിൽ നിന്നും അന്യം‌നിന്ന് പോകുന്ന ഓണംകളി മത്സരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു പദ്ധതിക്ക് രൂപം നൽകുന്നതെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ വ്യക്തമാക്കി.
 
ഓണംകളി മത്സരം നടത്തുന്നതിനായി സാമ്പത്തിക സഹായം അനുവദിക്കുന്നതിന് കേരള ഫോക്ക് ലോർ അക്കാദമി മുഖേ‌ന നടപടികൾ സ്വീകരിക്കാൻ സർക്കാർ ലക്ഷ്യമിടുന്നുവെന്ന് മന്ത്രി സഭയിൽ വ്യക്തമാക്കി. ചാലക്കുടി കേന്ദ്രമായി അനുവദിച്ച കലാഭവന്‍ മണി സ്മാരകം ഫോക്ലോര്‍ അക്കാദമിക്കു കീഴില്‍ ഒരു ഉപകേന്ദ്രമാക്കി മാറ്റുന്നതിനും നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
 
പുലികളി, വള്ളംകളി തുടങ്ങിയ കലാരൂപങ്ങള്‍ക്ക് നല്‍കുന്നത് പോലെ ഓണംകളിക്കും ഗ്രാന്റുകള്‍ അനുവദിക്കും. പണ്ട് കാലത്ത് നിലനിന്നിരുന്ന കലാപരിപാടികളിൽ ഒന്നായിരുന്നു ഓണംകളിയും. എന്നാൽ, പിന്നീട് ഇത് അന്യം നിന്ന് പോകുകയായിരുന്നു. ഇതിന്റെ കാര്യങ്ങള്‍ കേരള ഫോക് ലോര്‍ അക്കാദമി മുഖേന പരിശോധിക്കുന്നതാണെന്നും സാസ്‌കാരിക മന്ത്രി പറഞ്ഞു. ചാലക്കുടി എംഎല്‍എ ബിഡി ദേവസ്സിയുടെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. 
Next Article