'മാർക്കോയിൽ കണ്ടിരിക്കാൻ പറ്റാത്ത ക്രൂരത, പച്ചയ്ക്ക് വെട്ടിക്കീറി മുറിക്കുന്നതൊന്നും കാണിക്കരുത്': ഗണേഷ് കുമാർ

നിഹാരിക കെ.എസ്

വെള്ളി, 28 ഫെബ്രുവരി 2025 (13:10 IST)
വെഞ്ഞാറമൂട് കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ സമീപകാലങ്ങളിൽ മലയാളത്തിൽ ഇറങ്ങിയ മാർക്കോ, പണി അടക്കമുള്ള സിനിമകളിലെ വയലൻസ് രംഗങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുണ്ട്. അമിതമായി വയലൻസ് നിറഞ്ഞ സിനിമാരംഗങ്ങൾ പൊതുസമൂഹത്തെയും യുവാക്കളെയും മോശമായി സ്വാധീനിക്കുണ്ടെന്നും സെൻസർ ബോർഡ് ഇതിൽ നിയന്ത്രണം കൊണ്ടുവരണമെന്നുമാണ് ആവശ്യം. വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് ഗതാഗത മന്ത്രിയും നടനുമായ കെ ബി ഗണേഷ് കുമാർ. റിപ്പോർട്ടർ ടി വിയോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 
 
സിനിമയിൽ അഭിനേതാക്കൾ ധരിക്കുന്ന വസ്ത്രങ്ങൾ അനുകരിക്കുന്ന നമ്മളിൽ വയലൻസ് നിറഞ്ഞ രംഗംങ്ങളും സ്വാധീനം ചെലുത്തുമെന്നാണ് അദ്ദേഹം പറയുന്നത്. പച്ചയ്ക്ക് വെട്ടികീറി മുറിയ്കുന്ന സിനിമകൾ സമൂഹത്തിന് എന്ത് സന്ദേശമാണ് നൽകുന്നതെന്നും ഇത്തരം കാര്യങ്ങളിൽ സെൻസർ ബോർഡ് കർശന നിലപാട് സ്വീകരിക്കണമെന്നും ഗണേഷ് കുമാർ റിപ്പോർട്ടർ ടി വിയോട് പറഞ്ഞു. സിനിമകളില്‍ ഇത്രയും വയലന്‍സ് പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 
'വയലൻസ് നിറഞ്ഞ സിനിമകൾ വല്ലാതെ ആളുകളെ സ്വാധീനിക്കുന്നുണ്ട്. ചോര തെറിക്കുന്ന രംഗങ്ങളാണ് സിനിമകളിലുള്ളത്. ഇത്രയും വയലൻസ് നമ്മുടെ സിനിമകളിൽ ആവശ്യം ഇല്ല. കഥയിൽ വയലൻസ് ഉണ്ടാകാം പക്ഷെ സിനിമയിൽ അത് ഹൈഡ് ചെയ്ത് കാണിക്കണം. പച്ചയ്ക്ക് വയലൻസ് കാണിക്കുകയും വെട്ടുകയും അടിച്ച് പൊട്ടിക്കുകയും കത്തിക്കുകയും ഒക്കെയാണ്.
 
ഒരാൾ സ്വിമ്മിങ് പൂൾ ഉണ്ടാക്കിയില്ലേ വണ്ടിയുടെ അകത്ത്, എന്നിട്ട് എന്തായി സിനിമ വന്നോ രക്ഷിക്കാൻ. സിനിമയിൽ ലോറിയിൽ സ്വിമ്മിങ് പൂൾ ഉണ്ടാക്കിയത് കണ്ടിട്ട് കാറിൽ ഉണ്ടാക്കി. അയാൾക്ക് ഇപ്പോൾ ഇന്ത്യയിൽ ലൈസൻസ് ഇല്ല. അത് സ്വാധീനിച്ചിട്ടുണ്ടെങ്കിൽ ഇതും സ്വാധീനിക്കും. 'ഇപ്പോൾ ശരിയാക്കി തരാം' എന്ന വാക്ക് മലയാളികൾ എപ്പോഴും ഉപയോഗിക്കുന്നതാണ്. അത് പറയുമ്പോൾ കുതിരവട്ടം പപ്പുവിന്റെ മുഖം ഓർമ വരും, നമ്മൾ ചിരിക്കും. ആ സിനിമയിലെ ഡയലോഗ് അത്ര നമ്മളെ സ്വാധീനിച്ചിട്ടുണ്ട്. ഇതൊരു ഉദാഹരണം ആണ്.
 
സിനിമ എടുക്കുന്നവർ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണം. മാത്രമല്ല എടുത്തുകൊണ്ടു വരുന്നത് സെൻസർ ബോർഡ് കർശനമായി വിലക്കണം. ബ്ലഡ് തെറിക്കുന്നത് ഹരമായി മാറുന്ന സീനുകൾ എല്ലാം കട്ട് ചെയ്യണം. അത് കഥയെ ബാധിക്കുന്നുവെന്ന് പറയണ്ട. അങ്ങനെ കഥ പറയണ്ട. മലയാള സിനിമയിലും ഹിന്ദിയും തമിഴിലും എല്ലാം പണ്ടും കൊല നടത്തിയിട്ടുണ്ട്. കുത്തുന്നത് കാണിച്ചോ പക്ഷെ, കുത്തികീറി ചോരയും കുടലും പുറത്ത് വരുന്നത് കാണിക്കാറില്ല. അതൊക്കെ ഇപ്പോഴാണ് കാണിക്കാൻ തുടങ്ങിയത്. ഇതിൽ സെൻസർ ബോർഡ് കർശന നിലപാട് എടുക്കണം.
 
ആവിഷ്കാര സ്വാതന്ത്ര്യം ഇത്തരം ചോര കാണിക്കുന്ന സീനുകൾ കാണിച്ചാവരുത്. നല്ല സന്ദേശം ആണ് നൽകേണ്ടത്. സിനിമയിൽ അഭിനേതാക്കൾ ഇട്ടിരിക്കുന്ന വസ്ത്രങ്ങൾ കണ്ട് വരെ നമ്മൾ അനുകരിക്കാറുണ്ട്. സീരിയലുകൾ കാണുമ്പോൾ പോലും ഉണ്ട്. സിനിമയും കലയും മനുഷ്യനെ സ്വാധീനിക്കും. കേരളത്തിൽ കമ്മ്യൂണിസ്റ് പാർട്ടിയുടെ വളർച്ചയ്ക്ക് വളക്കൂർ ഉള്ള മണ്ണാക്കി മാറ്റിയത് തോപ്പിൽ ഭാസിയുടെ നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റ് ആക്കി എന്ന നാടകമാണ്. ഞാൻ ചെയ്യുന്നത് തെറ്റാണെന്നും ജന്മിയാകാൻ പാടില്ലെന്നുമുള്ള ബോധം ആ നാടകം മനുഷ്യരിൽ ഉണ്ടാക്കി.

അതുകൊണ്ട് തന്നെ കലാരൂപങ്ങൾ മനുഷ്യനെ സ്വാധീനിക്കില്ല എന്ന് പറയുന്നത് തെറ്റാണ്. സ്വാധീനിക്കും. മാർക്കോ എന്ന സിനിമ ഞാൻ കണ്ടിട്ടില്ല. എന്നാലും എന്നോട് ആരോ പറഞ്ഞു കണ്ടിരിക്കാൻ പറ്റാത്ത ക്രൂരതയാണ് എന്ന്. പാൻ ഇന്ത്യൻ ആക്കണം എന്ന് കരുതി ഇത്തരം സിനിമകളോട് ഞാൻ യോജിക്കുന്നില്ല,' ഗണേഷ് കുമാർ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍