നയൻതാരയ്‌ക്കെതിരെ നടക്കുന്നത് വ്യാജ പ്രചാരണം; നഷ്ട പരിഹാരം ചോദിച്ചിട്ടില്ലെന്ന് ശിവാജി പ്രൊഡക്ഷന്‍സ്

നിഹാരിക കെ.എസ്
ചൊവ്വ, 7 ജനുവരി 2025 (12:54 IST)
‘ചന്ദ്രമുഖി’യിലെ ഫൂട്ടേജ് വിവാദത്തില്‍ പ്രതികരിച്ച് നിര്‍മ്മാതാക്കളായ ശിവാജി പ്രൊഡക്ഷന്‍സ്. ചിത്രത്തിലെ ദൃശ്യങ്ങള്‍ ‘നയന്‍താര: ബിയോണ്ട് ദ ഫെയറി ടെയ്ല്‍’ എന്ന ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചതിന് ശിവാജി പ്രൊഡക്ഷന്‍സ് അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുവെന്ന് കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. ഇതിലെ സത്യാവസ്ഥയാണ് നിർമാണക്കമ്പനി ഇപ്പോൾ ബോധ്യപ്പെടുത്തിയിരിക്കുന്നത്.
 
തങ്ങള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടില്ല എന്നാണ് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയിരിക്കുന്നത്. ചന്ദ്രമുഖിയിലെ ഫൂട്ടേജ് ഉപയോഗിക്കുന്നതില്‍ നയന്‍താരയ്ക്ക് തടസമില്ല എന്നാണ് ഫൂട്ടേജ് അനുവദിച്ചു നല്‍കിയതിന്റെ നിരാക്ഷേപപത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചുകൊണ്ട് നിര്‍മ്മാതാക്കള്‍ പറയുന്നത്. തമിഴ് ഫിലിം ഇന്റസ്ട്രി ട്രാക്കറായ മനോബാല വിജയബാലനാണ് തന്റെ എക്‌സ് ഹാന്‍ഡിലൂടെ ശിവാജി പ്രൊഡക്ഷന്‍സിന്റെ എന്‍ഓസി പോസ്റ്റ് ചെയ്തത്.
 
”നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയില്‍’ എന്ന നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററിയില്‍ ഇനിപ്പറയുന്ന ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതില്‍ ശിവാജി പ്രൊഡക്ഷന്‍സിന് എതിര്‍പ്പില്ലെന്ന് ഈ നിരാക്ഷേപപത്രത്തിലൂടെ സാക്ഷ്യപ്പെടുത്തുന്നു” എന്നായിരുന്നു ഉള്ളടക്കം. ചന്ദ്രമുഖിയില്‍ നിന്നുള്ള ടൈം സ്റ്റാമ്പുകളും ഒപ്പം പരാമര്‍ശിച്ചിട്ടുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article