Empuraan Box Office: റിലീസ് ദിനത്തില്‍ കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ കളക്ഷന്‍ സ്വന്തമാക്കുന്ന സിനിമയാകാന്‍ മോഹന്‍ലാലിന്റെ എമ്പുരാന് സാധിക്കുമോ? മലയാള സിനിമാ പ്രേമികളെല്ലാം കാത്തിരിക്കുന്നത് ഈ ചോദ്യത്തിനുള്ള ഉത്തരമാണ്. മാര്‍ച്ച് 27 നു എമ്പുരാന്‍ തിയറ്ററുകളിലെത്തുമ്പോള്‍ ബോക്‌സ്ഓഫീസില്‍ എന്തൊക്കെ സംഭവിക്കുമെന്ന് കാത്തിരുന്ന് തന്നെ കാണാം.
കേരളത്തില്‍ നിന്നുള്ള ഏറ്റവും ഉയര്‍ന്ന ആദ്യദിന കളക്ഷന്‍ തമിഴ് ചിത്രമായ 'ലിയോ'യുടെ പേരിലാണ്. വിജയ് നായകനായ ലോകേഷ് കനകരാജ് ചിത്രം കേരളത്തില്‍ നിന്ന് മാത്രം ആദ്യദിനം കളക്ട് ചെയ്തത് 12 കോടിയാണ്. ഇത് മറികടക്കാന്‍ എമ്പുരാന് സാധിക്കുമോ എന്നാണ് മോഹന്‍ലാല്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്.
ആദ്യദിനം 12 കോടി നേടണമെങ്കില്‍ മോഹന്‍ലാല്‍ ചിത്രം പുലര്‍ച്ചെ റിലീസ് ചെയ്യണം. എന്നാല്‍ കേരളത്തില്‍ രാവിലെ ആറിനാണ് എമ്പുരാന്റെ ആദ്യ ഷോ. ഇത് ആദ്യദിന കളക്ഷനെ ചെറിയ രീതിയില്‍ ബാധിച്ചേക്കാം. വിജയ് ചിത്രമായ 'ലിയോ' പുലര്‍ച്ചെ നാലിന് ആദ്യ ഷോ നടത്തിയിരുന്നു.
ആദ്യ ഷോ ആറ് മണിക്ക് ആയതിനാല്‍ എമ്പുരാന് വിജയ് ചിത്രത്തേക്കാള്‍ ഒരു ഷോ കുറവായിരിക്കും ലഭിക്കുക. മാത്രമല്ല എമ്പുരാന്‍ മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രമാണ്. ഇതും അഡീഷണല്‍ ഷോകള്‍ കൂട്ടിച്ചേര്‍ക്കുന്നതില്‍ തിരിച്ചടിയാകും. നിലവിലെ സാഹചര്യമനുസരിച്ച് ആദ്യദിനം ഒന്‍പത് കോടി കളക്ഷന്‍ കേരളത്തില്‍ നിന്ന് മാത്രം സ്വന്തമാക്കാന്‍ എമ്പുരാനു സാധിച്ചേക്കും.