മമ്മൂട്ടി മന്നാഡിയാരായി തകര്‍ത്തഭിനയിച്ച ധ്രുവം എന്തുകൊണ്ട് പ്രതീക്ഷിച്ചത്ര വിജയം നേടിയില്ല?

Webdunia
ശനി, 18 നവം‌ബര്‍ 2017 (19:39 IST)
1993ല്‍ റിലീസായ ധ്രുവം മമ്മൂട്ടിയുടെ ഏറ്റവും കരുത്തുറ്റ ഒരു കഥാപാത്രത്തെയാണ് മലയാള സിനിമയ്ക്ക് സംഭാവന ചെയ്തത്. നരസിംഹ മന്നാഡിയാര്‍ എന്ന കഥാപാത്രത്തെ മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവില്ല. അധികാരത്തിന്‍റെയും മനുഷ്യത്വത്തിന്‍റെയും അവതാരരൂപമാണ് മന്നാഡിയാര്‍. എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ വിരിഞ്ഞ ഈ കഥാപാത്രത്തിന്‍റെ ചുവടുപിടിച്ച് പിന്നീട് സൂപ്പര്‍താരങ്ങള്‍ തന്നെ എത്രയോ വേഷങ്ങള്‍ കെട്ടിയാടി.
 
തമിഴകത്ത് പിന്നീട് സൂപ്പര്‍താരമായി മാറിയ വിക്രം അഭിനയിച്ച ആദ്യ മലയാള ചിത്രമാണ് ധ്രുവം. മമ്മൂട്ടിയുടെ നായികയായി ഗൌതമിയാണ് അഭിനയിച്ചത്. മൈഥിലി എന്നായിരുന്നു കഥാപാത്രത്തിന്‍റെ പേര്. പിന്നീട് ജാക്പോട്ട്, സുകൃതം എന്നീ സിനിമകളിലും മമ്മൂട്ടി - ഗൌതമി ജോഡി ആവര്‍ത്തിച്ചു. ജോഷിക്കുവേണ്ടി എസ് എന്‍ സ്വാമി എഴുതിയ രണ്ടാമത്തെ തിരക്കഥയായിരുന്നു ധ്രുവം. കഥ എ കെ സാജന്‍റേതായിരുന്നു.
 
ദിനേശ് ബാബു ഛായാഗ്രഹണം നിര്‍വഹിച്ച ധ്രുവത്തിന് സംഗീതം നല്‍കിയത് എസ് പി വെങ്കിടേഷായിരുന്നു. ‘തളിര്‍വെറ്റിലയുണ്ടോ..’, ‘തുമ്പിപ്പെണ്ണേ വാ വാ...’ തുടങ്ങിയ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ ഈ ചിത്രത്തിലുണ്ടായിരുന്നു. ജയറാം അവതരിപ്പിച്ച വീരസിംഹ മന്നാഡിയാര്‍, സുരേഷ്ഗോപി അവതരിപ്പിച്ച ജോസ് നരിമാന്‍ എന്നീ കഥാപാത്രങ്ങളും ശ്രദ്ധേയമായി.
 
തെന്നിന്ത്യയിലെ സൂപ്പര്‍ നടന്‍ പ്രഭാകറായിരുന്നു ധ്രുവത്തിലെ ഹൈദര്‍ മരയ്ക്കാര്‍ എന്ന വില്ലന്‍ കഥാപാത്രത്തെ അനശ്വരമാക്കിയത്. എം മണി നിര്‍മ്മിച്ച ധ്രുവം 1993 ജനുവരി 27നാണ് പ്രദര്‍ശനത്തിനെത്തിയത്. 
 
മമ്മൂട്ടിക്കൊപ്പം സുരേഷ്ഗോപി മികച്ച കഥാപാത്രത്തെ ധ്രുവത്തില്‍ അവതരിപ്പിച്ചെങ്കിലും പിന്നീട് ഇരുവരും ഒന്നിക്കുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷം ട്വന്‍റി20യിലാണ്. അതിനിടയ്ക്ക് ദി കിംഗ് എന്ന ചിത്രത്തില്‍ ഒരു ചെറിയ വേഷത്തില്‍ സുരേഷ്ഗോപി അഭിനയിച്ചു എന്നുമാത്രം.
 
നാടുവാഴികള്‍ക്ക് ശേഷം എസ് എന്‍ സ്വാമി ജോഷിക്ക് വേണ്ടി രചിച്ച തിരക്കഥയായിരുന്നു ധ്രുവത്തിന്‍റേത്. പടം സൂപ്പര്‍ഹിറ്റായെങ്കിലും എല്ലാവരും പ്രതീക്ഷിച്ചതുപോലെ ഒരു ഇന്‍ഡസ്ട്രി ഹിറ്റായി ധ്രുവം മാറിയില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article