'നമ്മുടെ മക്കളായതുകൊണ്ട് തോന്നുന്നതാ, അവര് ചെയ്ത് പഠിക്കട്ടെ' - അന്ന് സിദ്ദിഖിനോട് മമ്മൂട്ടി പറഞ്ഞത്

ശനി, 18 നവം‌ബര്‍ 2017 (13:49 IST)
സെക്കന്റ്‌ഷോ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ദുൽഖർ സൽമാനെ നടനാക്കി ഉയർത്തുന്നതിൽ സംവിധായിക അഞ്ജലി മേനോൻ വഹിച്ച പങ്ക് ചെറുതല്ല. ഉസ്താദ് ഹോട്ടൽ എന്ന ചിത്രത്തിലൂടെ ദുൽഖർ മലയാള സിനിമയിലെ നിറസാന്നിധ്യമായി മാറി. 
 
ദുൽഖർ സിനിമയിലേക്ക് വരുന്നതിൽ ടെൻഷൻ അനുഭവിച്ചത് രണ്ട് പേർ മാത്രമാണ്. മെഗാസ്റ്റാർ മമ്മൂട്ടിയും നടൻ സിദ്ദിഖും. സിദ്ദിഖ് തന്നെയാണ് ഇക്കാര്യം അടുത്തിടെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയത്. ഉസ്താദ് ഹോട്ടലിൽ ഒരുമിച്ച് അഭിനയിച്ചപ്പോൾ ഉണ്ടായ സംഭവങ്ങളും താരം വിശദീകരിക്കുന്നുണ്ട്.
 
സിദ്ദിഖിന്റെ വാക്കുകൾ: 'അതിൽ ഞാനുമായി കെട്ടിപ്പിടിച്ച് അഭിനയിക്കുന്ന സീനുണ്ടായിരുന്നു. അവന്റെ അഭിനയം കണ്ടപ്പോൾ ഇത്രയും നന്നായി അഭിനയിക്കുന്നുണ്ടല്ലോ എന്നാണ് എനിക്ക് തോന്നിയത്. പക്ഷേ, ആ സീനിൽ മിസ്റ്റേക് ഉണ്ടെന്നും വീണ്ടും എടുക്കണമെന്നും ക്യാമറാന്മാൻ പറഞ്ഞു. പക്ഷേ അതിനു സമ്മതിക്കാതിരുന്നത് ഞാനായിരുന്നു.' - സിദ്ദിഖ് പറയുന്നു.
 
പുതിയതായി വന്ന ഒരാളെ ഇങ്ങനെ ടോർച്ചർ ചെയ്യരുതെന്ന് സിദ്ദിഖ് പറഞ്ഞു. അങ്ങനെ അത് രണ്ടാമത് എടുത്തില്ല. പക്ഷേ അന്ന് രാത്രി മമ്മൂട്ടി സിദ്ദിഖിനെ വിളിച്ചു. ' നീ എന്തിനാണ് ക്യാമറാമാനുമായി വഴക്കുണ്ടാക്കിയതെന്ന്' മമ്മൂക്ക ചോദിച്ചു. 
 
സംഭവം പറഞ്ഞപ്പോൾ മമ്മൂട്ടിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു 'നമ്മുടെ മക്കളായതുകൊണ്ട് തോന്നുന്നതാ. അവർ ചെയ്യും, അങ്ങനെയൊക്കെ ചെയ്ത് പഠിക്കട്ടെ'. അങ്ങനെ മമ്മൂട്ടി പറഞ്ഞത് പോലെ ഒരുപാട് പാഠങ്ങൾ ഉൾക്കൊണ്ടാണ് ദുൽഖർ ഇന്നത്തെ പൊസിഷനിൽ എത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍