ഇക്കഴിഞ്ഞ മകൾ ദിനത്തിൽ പുറത്തിറങ്ങിയ ‘അച്ഛൻ’ എന്ന ഫോട്ടോ സീരിസ് പെട്ടന്നായിരുന്നു വൈറലായത്. അമ്മ മരിച്ച് പോയ സ്വന്തം മകളെ കണ്ണിലെ കൃഷ്ണമണി പോലെ വളർത്തുന്ന അച്ഛന്റെ കഥയാണ് പറയുന്നത്. 31 ചിത്രങ്ങളിലൂടെയായിരുന്നു തൃശൂർക്കാരൻ ശ്യാം സത്യൻ ‘അച്ഛൻ’ എന്ന കഥ നമുക്ക് പറഞ്ഞ് തന്നത്.
ആത്മാഭിമാനത്തിനു വേണ്ടി സ്വയം പ്രതിരോധിക്കാനും പ്രതികരിക്കാനും ഇവിടെ മകളെ പഠിപ്പിക്കുന്നത് അച്ഛനാണ്. മകളെ ഉപദ്രവിക്കുന്ന അധ്യാപകനെ കൊലപ്പെടുത്തിയാണ് അച്ഛൻ പ്രതികാരം ചെയ്യുന്നത്. ‘അച്ഛൻ‘ വൈറലാകുമ്പോൾ രണ്ട് വർഷം മുന്നേ ഇറങ്ങിയ ‘ദ്രൌപതി’ എന്ന ഫോട്ടോ സ്റ്റോറിയും ശ്രദ്ധേയമാവുകയാണ്.
മകളെ പിച്ചിച്ചീന്തിയ തെരുവുമൃഗത്തെ ഉടവാളുമായി പാഞ്ഞടുത്ത് ഇല്ലായ്മ ചെയ്ത ഭദ്രകാളിയായ അമ്മയുടെ കഥയായിരുന്നു ‘ദ്രൌപതി’ പറഞ്ഞത്. നൊതുപ്രസവിച്ച മകളെ കാമദാഹിയായ ഒരുത്തൻ പിച്ചിച്ചീന്തിയപ്പോൾ അവനെ കൊലപ്പെടുത്തിയ അമ്മയായി നിറഞ്ഞ് നിന്നത് നടി നിമിഷ സജയൻ ആയിരുന്നു. സിറിൽ സിറിയക് ആയിരുന്നു ‘ദ്രൌപതി’യുടെ പിന്നിൽ.