Dominic and The Ladies Purse: ആദ്യം മമ്മൂട്ടി നോ പറഞ്ഞു, വിടാതെ ഗൗതം വാസുദേവ് മേനോൻ; 'കമ്പനി' ഒന്നും കാണാതെ തലവെയ്ക്കില്ല!

നിഹാരിക കെ.എസ്

ബുധന്‍, 22 ജനുവരി 2025 (12:25 IST)
ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്‌സ്, പേരിൽ തന്നെ ഒരു പുതുമ. പേരിലെ പുതുമ ഈ സിനിമയിലെ അണിയറ പ്രവർത്തകരിലുമുണ്ട്. മമ്മൂട്ടിയും ഗൗതം വാസുദേവ് മേനോനും ആദ്യമായി ഒന്നിക്കുന്നു, ഗൗതം വാസുദേവ് മേനോന്റെ ആദ്യ മലയാള സംവിധാന ചിത്രം, മമ്മൂട്ടി കമ്പനി നിർമിക്കുന്ന ആറാമത്തെ ചിത്രം അങ്ങനെ പോകുന്നു പ്രത്യേകതകൾ. ഗൗതം മേനോൻ കഥ പറഞ്ഞപ്പോൾ മമ്മൂട്ടി ആദ്യം 'നോ' പറയുകയായിരുന്നു എന്നാണ് റിപ്പോർട്ട്. 
 
ഗൗതം ആദ്യം സിനിമയുടെ ത്രെഡ് പറഞപ്പോൾ മോളിവുഡിൽ ഇപ്പോൾ മൊത്തം അന്വേഷണ ത്രില്ലർ സിനിമകളാണെന്നും താൻ തന്നെ അത്തരത്തിലൊന്ന് ഇപ്പോൾ ചെയ്തിട്ടേയുള്ളൂവെന്നും മമ്മൂട്ടി പറഞ്ഞു. പക്ഷേ പിന്നീട് വീണ്ടും മമ്മൂട്ടിയോട് കഥയും സിനിമയുടെ സ്വഭാവവും പറഞ്ഞു കൊടുത്തതിനു ശേഷമാണ് അദ്ദേഹം ഒകെ പറയുന്നത്. സിനിമയുടെ സ്വഭാവമാണ് അദ്ദേഹത്തെ ആകർഷിച്ചതെന്നാണ് സൂചന. 
 
വേട്ടയാട്, കാക്ക കാക്ക പോലുള്ള ത്രില്ലർ എടുത്ത ജി.വി.എം കരിയറിലെ എക്കാലത്തെയും മികച്ച ഫേസിൽ നിൽക്കുന്ന മമ്മൂട്ടിയുമായി ചേരുമ്പോൾ മിനിമം ഗ്യാരണ്ടി ഇല്ലാത്ത ഒന്നും സംഭവിക്കില്ല എന്നുറപ്പ്. 2.0, ഐ, എന്തിരൻ, അയൻ, ഗജിനി പോലുള്ള കമർഷ്യൽ പടങ്ങളിലെ എഡിറ്റർ ആന്റണി ആണ് ഡൊമിനികിന്റെ എഡിറ്റർ. 
 
സ്ഥിരം കുറ്റാന്വേഷണ ഫോർമാറ്റിലുള്ള ഒരു സിനിമ ആയിരിക്കില്ല ഇതെന്നാണ് ടീസറും ട്രെയിലറും നൽകുന്ന സൂചന. തിരക്കഥ ഒരുക്കുന്നത്, സൂരജ്-നീരജ് എന്നിവർ ചേർന്നാണ്. മുൻപ് ഇവർ ഭാഗമായ ചിത്രങ്ങൾ ABCD യും ഇരട്ടയും ആണ്. രണ്ടും രണ്ട് ജോണറിലുള്ള വിജയചിത്രങ്ങൾ. ഹിറ്റ് പ്രതീക്ഷയ്ക്ക് ഇതും ഒരു മാനദണ്ഡമാണ്. 
 
മമ്മൂട്ടിക്കൊപ്പം ഗോകുൽ സുരേഷും ഈ ചിത്രത്തിൽ പ്രധാന വേഷം അവതരിപ്പിക്കുന്നു. നൻപകൽ നേരത്ത് മയക്കം, റോഷാക്ക്, കണ്ണൂർ സ്‌ക്വാഡ്, കാതൽ, ടർബോ എന്നിവയാണ് മമ്മൂട്ടി കമ്പനി നിർമിച്ച മറ്റു സിനിമകൾ. മമ്മൂട്ടി കമ്പനിയുടെ എല്ലാ സിനിമകളും വാണിജ്യപരമായി വിജയമായിരുന്നു. വലിയ പ്രൊമോഷൻ ഇല്ലാതെയും നല്ല സിനിമയാണെങ്കിൽ പ്രേക്ഷകർ വിജയിപ്പിക്കുമെന്ന പ്രതീക്ഷയാണ് മമ്മൂട്ടി കമ്പനിക്കുള്ളത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍