മോഷണ ശ്രമത്തിനിടെ അക്രമിയുടെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ നടൻ സെയ്ഫ് അലി ഖാനെ ഇന്നലെ ഡിസ്‌ചാർജ് ചെയ്തിരുന്നു. പൂർണ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ആറോളം തവണ കുത്തേറ്റ സെയ്ഫിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ആറ് ദിവസത്തിന് ശേഷമാണ് നടനെ ഡിസ്ചാർജ് ചെയ്തത്. മുംബൈ ലീലാവതി ആശുപത്രിയിൽ നിന്നും ഡിസ്ചാർജായ സെയ്ഫ് മുംബൈയിലെ വീട്ടിലേക്ക് മടങ്ങിയെത്തുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കഴിഞ്ഞു.
ഡിസ്ചാർജ് ചെയ്തതോടെ മറ്റ് ചില ചർച്ചകളും സോഷ്യൽ മീഡിയയിൽ സജീവമായി. നടന്റെ വീഡിയോ വൈറലായതോടെ സെയ്ഫിന്റെ അതിവേഗത്തിലുള്ള റിക്കവറിയാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. ആഴത്തിലുള്ള മുറിവുകളുണ്ടായതും സർജറികൾ നടന്നതുമായ ശരീരമാണ് സെയ്ഫിന്റേതെന്ന് തോന്നുകയില്ലെന്നാണ് കമന്റുകൾ. മേജർ സർജറി കഴിഞ്ഞ് വരുന്ന ഒരാളായി സെയ്ഫിനെ കണ്ടാൽ തോന്നില്ലെന്നാണ് ഒരു പക്ഷം.
ജീൻസ് ധരിച്ച് വൈറ്റ് ഷർട്ട് ടക്ക് ഇൻ ചെയ്ത് കൂളിങ് ഗ്ലാസും വെച്ച് സ്റ്റൈലായി നടന്ന് വരുന്ന സെയ്ഫിനെയാണ് വൈറൽ വീഡിയോയിൽ കാണാൻ കഴിയുക. കയ്യിലും കഴുത്തിലും ബാന്റ്എയ്ഡുകൾ കാണാം. എന്നാൽ ഹീറോയെപ്പോെല സ്മാർട്ടായി നടന്നാണ് സെയ്ഫ് വസതിയിലേക്ക് കയറിപ്പോയത്. ബാൻഡേജ് ഒക്കെ ഉണ്ടാകുമെന്നും വീൽചെയറിലാകും വരികയെന്നും കരുതിയവരെ സെയ്ഫ് അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു.
സെയ്ഫ് ഒന്നും സംഭവിക്കാത്ത പോലെയാണ് നടക്കുന്നത്. സെയ്ഫ് സേഫാണെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ട്, ഗുരുതരമായ പരിക്കുകൾ ഉണ്ടായിരുന്നില്ലേ?. സെയ്ഫ് അലി ഖാന് വേദനയൊന്നുമില്ലേ?. ഇതെന്ത് മാജിക്ക്?,ആഴത്തിൽ കുത്തേറ്റ് സർജറിക്ക് വിധേയനായിട്ടും സെയ്ഫ് എന്ത് കൂളാണ്, ആശുപത്രിവാസനത്തിനുശേഷം സെയ്ഫ് കൂടുതൽ ഫിറ്റും ഹെൽത്തിയും ഹീറോ ലുക്കുമായി. സിംഹം നടന്ന് വരുന്നതുപോലുണ്ട് എന്നിങ്ങനെ നീളുന്നു കമന്റുകൾ.