മമ്മൂട്ടി, മോഹൻലാൽ കൂട്ടുകെട്ട് സ്‌ക്രീനിൽ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. അവർ ഒന്നിച്ചു പ്രത്യക്ഷപ്പെടുന്ന ഷോട്ടിനായി കാത്തിരിപ്പാരംഭിച്ചിട്ടു നാളേറെയായി. വളരെ വർഷങ്ങൾക്ക് ശേഷം ആ ഇതിഹാസങ്ങൾ ഒന്നിക്കുന്നതിന്റെ ത്രില്ലിലാണ് ആരാധകർ 16 വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും മഹേഷ് നാരായണന്റെ ചിത്രത്തിലൂടെ ഒന്നിക്കുകയാണ്.
ഇനിയും പേരിട്ടിട്ടില്ലാത്ത 'MMMN' എന്ന് വിളിക്കപ്പെടുന്ന ചിത്രം ഇതിനോടകം മലയാളത്തിലെ ഏറ്റവും ഹൈപ്പുള്ള ചിത്രമായി മാറിക്കഴിഞ്ഞു. 2013ൽ മമ്മൂട്ടി നായകനായ 'കടൽ കടന്നൊരു മാത്തുക്കുട്ടി' എന്ന സിനിമയിൽ മോഹൻലാൽ ഒരു ചെറിയ വേഷം ചെയ്തിരുന്നു. ഇതായിരുന്നു ഇവർ ഏറ്റവും ഒടുവിൽ ഒരുമിച്ചെത്തിയ സിനിമ. എന്നാലും കഥാപാത്രങ്ങളായി ഇവർ രണ്ടും ഒന്നിച്ച സിനിമ എന്ന് വിളിക്കാറുള്ളത് 2008ലെ ട്വന്റി-ട്വന്റി മാത്രമാണ്
മമ്മൂട്ടി, മോഹൻലാൽ കൂട്ടുകെട്ടിന്റെ സിനിമയിൽ കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയുണ്ട്. സിനിമയുടെ ഒരു ഭാഗം ശ്രീലങ്കയിൽ വച്ച് മാത്രം ചിത്രീകരിച്ചിരുന്നു. മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ എന്നിവരുടെ കോമ്പിനേഷൻ സീനുകളാണ് ഇവിടെ വെച്ച് ഷൂട്ട് ചെയ്തതെന്നാണ് സൂചന. ഇതിനായി സിനിമാസംഘം യാത്ര പുറപ്പെട്ട വിശേഷം വലിയ നിലയിൽ വാർത്തയായിരുന്നു.
ഇതിനിടെ ശ്രീലങ്കൻ പ്രധാനമന്ത്രിയുമായി നിർമാതാക്കളുടെ സംഘം ചർച്ച നടത്തുകയും ചെയ്തു. മോഹൻലാൽ തന്റെ ആദ്യ സംവിധാന ചിത്രമായ 'ബറോസിന്റെ' റിലീസുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങൾക്ക് അഭിമുഖം അനുവദിച്ചിരുന്നു. അതിലൊന്നിൽ ഉയർന്നു വന്ന ചോദ്യം എന്തുകൊണ്ട് മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചൊരു സിനിമ മലയാളത്തിൽ ഉണ്ടാവുന്നില്ല എന്നായിരുന്നു. അതിന് അദ്ദേഹം നൽകിയ മറുപടി ശ്രദ്ധേയമാകുന്നു.
ഇച്ചാക്കയും ലാലുവും ഒന്നിക്കാൻ സ്റ്റാർഡം ഒരു വഴിതടസമല്ല എന്നാണ് മോഹൻലാലിന്റെ അഭിപ്രായം. 'മികച്ച സംവിധായകർക്കൊപ്പം 55 സിനിമകളിൽ ഞങ്ങൾ ഒന്നിച്ചഭിനയിച്ചു. മലയാളത്തിൽ ഇങ്ങനെ രണ്ട് അഭിനേതാക്കളെ ഉൾപ്പെടുത്തുകയെന്നത് ഒരു സംവിധായകനോ, തിരക്കഥാകൃത്തിനോ, നിർമാതാവിനോ എളുപ്പം കഴിയുന്ന കാര്യമല്ല. എനിക്ക് എന്റേതായ സിനിമകളുണ്ട്, അദ്ദേഹത്തിന് അദ്ദേഹത്തിന്റെ ചിത്രങ്ങളും. ഞങ്ങൾ രണ്ടുപേരും ഒന്നിച്ചഭിനയിക്കാൻ ആഗ്രഹിക്കുന്നവരാണ്. ഞങ്ങൾ തമ്മിൽ മത്സരമേതുമില്ല. ഇന്നും ഞങ്ങൾ തമ്മിൽ അടുപ്പമുണ്ട്. ഞങ്ങളുടെ മക്കൾ ഒന്നിച്ചു വളർന്നവരാണ്. ഞങ്ങൾ തമ്മിൽ എന്നല്ല, മറ്റാരുമായും മത്സരമില്ല,' മോഹൻലാൽ വ്യക്തമാക്കി.