‘ഭാഷയെ സ്നേഹിച്ച മമ്മൂട്ടി, അത്ഭുതമാണ് മമ്മൂക്കയുടെ വോയിസ് മോഡുലേഷൻ’- മെഗാസ്റ്റാറിന്റെ ഡബ്ബിങ് മികവിനെ കുറിച്ച് സിദ്ദിഖ്

ചിപ്പി പീലിപ്പോസ്
ബുധന്‍, 23 ഒക്‌ടോബര്‍ 2019 (13:20 IST)
മലയാള ഭാഷയെ അതിന്റെ വ്യത്യസ്തമായ പ്രാദേശികഭേദത്തോടെ, അതേ തനിമയിൽ അവതരിപ്പിക്കുന്ന കാര്യത്തിൽ മമ്മൂട്ടിയെ വെല്ലാൻ ആരുമില്ല. കഥാപാത്രത്തിന്റെ മാനറിസറങ്ങള്‍ പഠിച്ചെടുക്കുമ്പോള്‍ മമ്മൂട്ടി കാണിക്കാറുള്ള സൂക്ഷ്മതയെ കുറിച്ച് പല സംവിധായകരും വാചാലരാവാറുണ്ട്. ഇത്തരം ഭാഷാവ്യത്യാസങ്ങള്‍ അനായാസേന അവതരിപ്പിക്കാന്‍ കഴിയുന്നുവെന്നത് മമ്മൂട്ടിയുടെ പ്രത്യേകതയാണ്. അടുത്തിടെ സംവിധായകൻ സിദ്ദിഖും ഇതേ കാര്യം പറഞ്ഞിരുന്നു.
 
കൌമുദി ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ സിദ്ദിഖ് മമ്മൂട്ടിയുടെ ഡബ്ബിംഗിനെ കുറിച്ച് വാചാലനായത്. വോയിസ് മോഡുലേഷന്റെ കാര്യത്തിൽ മറ്റ് നടന്മാരിൽ നിന്നും വ്യത്യസ്തനാണ് മമ്മൂട്ടി. മറ്റുള്ള നടന്മാർ ഷൂട്ടിംഗ് സമയത്ത് കാഴ്ച വെയ്ക്കുന്ന പ്രകടനം ഡബ്ബിംഗ് സമയത്ത് കുറയാറുണ്ട്. എന്നാൽ, മമ്മൂട്ടിയുടെ കാര്യത്തിൽ അത് നേരെ തിരിച്ചാണ്. 
 
ഷൂട്ടിംഗ് സമയത്ത് പ്രകടിപ്പിക്കുന്ന മികവിനേക്കാൾ കൂടുതൽ അദ്ദേഹം ഡബ്ബിംഗ് സമയത്ത് നൽകും. അത് വലിയ ഒരു അത്ഭുതമായി തോന്നും. മറ്റ് നടന്മാരിൽ നിന്നും അദ്ദേഹത്തെ വേറിട്ട് നിർത്തുന്ന ഒരു കാര്യം ഇത് കൂടിയാണെന്ന് സിദ്ദിഖ് പറയുന്നു. 
 
കടപ്പുറം ഭാഷ പ്രേക്ഷകരിലേക്ക് എത്തിച്ച അമരത്തിലെ അച്ചൂട്ടി, തൃശൂരിലെ നാട്ടുഭാഷയിലൂടെ നർമം കൈകാര്യം ചെയ്ത പ്രാഞ്ചിയേട്ടൻ, കോട്ടയം കുഞ്ഞച്ചന്റെ തിരുവിതാംകൂർ കുടിയേറ്റ ഭാഷയും, കന്നടകലർപ്പുള്ള ചട്ടമ്പിനാടിലെ വീരേന്ദ്രമല്യയും എന്നും പ്രേക്ഷകരുട ഹൃദയത്തിൽ നിറഞ്ഞ് നിൽക്കുന്നതിന്റെ കാരണം മമ്മൂട്ടി കൈകാര്യം ചെയ്ത ഭാഷ തന്നെ. ഡബ്ബിംഗ് സമയത്ത് അദ്ദേഹമെടുക്കുന്ന പരിശ്രമം വളരെ വലുതാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article