അഞ്ജലി അമീര്‍: മലയാളത്തിന്‍റെ അഭിമാന നക്ഷത്രം

അബീഷ് രവീന്ദ്രന്‍

ചൊവ്വ, 22 ഒക്‌ടോബര്‍ 2019 (16:36 IST)
അഞ്ജലി അമീര്‍ എന്ന പേര് ഒരു ജനതയുടെ അഭിമാനത്തിന്‍റെ അടയാളമാണ്. ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയ അഞ്ജലിയെ കേരളീയ ജനത തങ്ങളുടെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കുകയായിരുന്നു. സെക്‍ഷ്വല്‍ റീ അസസ്മെന്‍റ് സര്‍ജറി ചെയ്ത് പൂര്‍ണമായും ഒരു സ്ത്രീ ആയി മാറിയ അഞ്ജലി പിന്നീട് ഒരു മമ്മൂട്ടിച്ചിത്രത്തില്‍ നായികയാവുകയും ആ സിനിമ വലിയ വിജയമായിത്തീരുകയും ചെയ്തത് ചരിത്രം.
 
രാജ്യത്ത് സിനിമയില്‍ നായികയായി അഭിനയിക്കുന്ന ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ വനിതയാണ് അഞ്ജലി അമീര്‍. ‘പേരന്‍‌പ്’ എന്ന മമ്മൂട്ടിച്ചിത്രത്തിലെ അഞ്ജലിയുടെ പ്രകടനം ആ സിനിമയുടെ തന്നെ വലിയ സന്ദേശമായി മാറി. പേരന്‍‌പ് മലയാളത്തിലും തമിഴിലുമെല്ലാം വലിയ വിജയവുമായി. സിനിമയിലും ടി വി പരിപാടിയിലും സജീവമായ അഞ്ജലി ഇപ്പോള്‍ പക്ഷേ അതിനെല്ലാം അവധി നല്‍കിയിരിക്കുകയാണ്.
 
തുടര്‍പഠനത്തിന് വേണ്ടിയാണ് അഞ്ജലി സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. കോഴിക്കോട് താമരശ്ശേരിയില്‍ ജനിച്ച അഞ്ജലി അമീര്‍ അവിടത്തെ ജിഎച്ച്എസ്എസ് സ്കൂളില്‍ നിന്നാണ് ഹയര്‍ സെക്കന്ററി വിദ്യാഭ്യാസം ചെയ്തത്. പിന്നീട് ബാച്ചിലര്‍ ഓഫ് നഴ്സിങ്ങില്‍ ബിരുദം നേടി. ഇപ്പോള്‍ കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ മലയാള സാഹിത്യത്തില്‍ ബിരുദവിദ്യാര്‍ത്ഥിനിയാണ്. 
 
എന്നും അഞ്ജലി അമീറിന് പോരാട്ടമായിരുന്നു ജീവിതം. ആദ്യകാലത്തെ പരിഹാസങ്ങളെയും അവഗണനയെയും വിമര്‍ശനത്തെയുമെല്ലാം വാശിയോടെ അതിജീവിച്ചത് ജീവിതത്തില്‍ വിജയിച്ച് കാണിച്ചുകൊണ്ടായിരുന്നു. ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വനിതയ്ക്ക് സിനിമയില്‍ തിളങ്ങാനാകുമെന്നും ഒരു നാടിന്‍റെയാകെ അഭിമാനമായി മാറാനാകുമെന്നും അഞ്ജലി തെളിയിച്ചു. എന്നാല്‍ സിനിമയില്ലാതെ വന്നാലും കരുത്തോടെ ജീവിക്കാന്‍ വേണ്ടിയാണ് അഞ്ജലി ഇപ്പോള്‍ തുടര്‍പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
 
സിനിമ, പഠനം, ജോലി, സ്വന്തം വീട് ഈ സ്വപ്നങ്ങളെല്ലാം മനസില്‍ സൂക്ഷിച്ച് ആത്മാര്‍ത്ഥമായി പ്രയത്നിക്കുകയാണ് അഞ്ജലി അമീര്‍. എല്ലാത്തരം വിമര്‍ശനങ്ങളെയും പുഞ്ചിരിയോടെ നേരിടാനും ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകാനും അഞ്ജലിക്ക് കരുത്തായി ഒരുപാടുപേരുണ്ട്. അക്കൂട്ടത്തിലൊരാള്‍ മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ്. ഇനി ആരോടും ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന് പറയേണ്ടെന്ന് മമ്മൂട്ടിയാണ് അഞ്ജലിയോട് ഉപദേശിച്ചത്. 
 
പരസ്യചിത്രങ്ങളും മോഡലിംഗും സിനിമയും പഠനവുമെല്ലാമായി തിരക്കിലായ അഞ്ജലി സ്വയം നവീകരിക്കുന്നതിനായി യാത്രകള്‍ നടത്തുന്ന വ്യക്തിയാണ്. ഓരോ യാത്രയും തനിക്ക് വലിയ പാഠങ്ങളാണ് നല്‍കുന്നതെന്ന് അഞ്ജലി പറയുന്നു. വിദേശരാജ്യങ്ങളെക്കാള്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളിലൂടെയുള്ള യാത്രകളാണ് അഞ്ജലി ഏറെ ഇഷ്ടപ്പെടുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍