സിനിമ പോസ്റ്ററുകളിലെ ദിലീപിന്റെ പേര് മാറ്റം കൂടുതല്‍ ചര്‍ച്ചയാകുന്നു. ഇംഗ്ലീഷ് സ്‌പെല്ലിങ് ആണ് താരം മാറ്റിയിരിക്കുന്നത്. ദിലീപിനെ നായകനാക്കി റാഫി സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് 'വോയ്‌സ് ഓഫ് സത്യനാഥന്‍'. ഈ സിനിമയുടെ പോസ്റ്ററിലും ദിലീപിന്റെ പേരിന്റെ ഇംഗ്ലീഷ് അക്ഷരങ്ങള്‍ മാറ്റിയിട്ടുണ്ട്. നാദിര്‍ഷാ ചിത്രം 'കേശു ഈ വീടിന്റെ നാഥന്‍' എന്ന സിനിമയുടെ പോസ്റ്റര്‍ മുതലാണ് ദിലീപ് പേരുമാറ്റാന്‍ തുടങ്ങിയത്.
Dileep എന്നാണ് യഥാര്‍ഥത്തില്‍ ഇംഗ്ലീഷ് സ്‌പെല്ലിങ്. എന്നാല്‍, കേശു ഈ വീടിന്റെ നാഥന്‍, വോയ്‌സ് ഓഫ് സത്യനാഥന്‍ എന്നീ സിനിമകളുടെ പോസ്റ്ററുകളില്‍ Dilieep എന്നാണ് സ്‌പെല്ലിങ്. യഥാര്‍ഥ സ്‌പെല്ലിങ്ങിനൊപ്പം ഒരു 'I' കൂടി താരം ചേര്‍ത്തിരിക്കുകയാണ്. സിനിമയ്ക്ക് വേണ്ടി മാത്രമാണ് ഈ പേരുമാറ്റമെന്നാണ് റിപ്പോര്‍ട്ട്. ഫെയ്‌സ്ബുക്കിലും മറ്റ് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും Dileep എന്ന് തന്നെയാണ് ഇപ്പോഴും പേര്. വോയ്‌സ് ഓഫ് സത്യനാഥന്റെ പോസ്റ്റില്‍ Dileep എന്നായിരുന്നു ആദ്യം നല്‍കിയത്. പിന്നീട് താരം തന്നെ ആവശ്യപ്പെട്ടത് അനുസരിച്ച് Dilieep എന്നാക്കിയതാണ്.
സംഖ്യാശാസ്ത്രത്തില്‍ വിശ്വസിക്കുന്ന ആളാണ് ദിലീപ്. ഇതാണ് പേര് മാറ്റത്തിനു കാരണം. കേരളത്തിലെ ഒരു പ്രമുഖ ജോത്സ്യന്‍ നിര്‍ദേശിച്ചത് അനുസരിച്ചാണ് ഈ മാറ്റമെന്നും സൂചനയുണ്ട്. Dileep എന്ന് എഴുതുമ്പോള്‍ ആറ് അക്ഷരങ്ങളാണ് ഉള്ളത്. എന്നാല്‍, Dilieep എന്ന് ആക്കുമ്പോള്‍ അക്ഷരങ്ങളുടെ എണ്ണം ഏഴാകും. ആറ് ഇരട്ട സംഖ്യയായതിനാലും മോശം നമ്പര്‍ ആയതിനാലുമാണ് ഒരു I കൂടി ചേര്‍ത്ത് പേരിന് ഏഴ് അക്ഷരങ്ങള്‍ ആക്കിയത്. തുടര്‍ന്നുള്ള എല്ലാ സിനിമകളിലും Dilieep എന്നാണ് താരത്തിന്റെ പേര് എഴുതുക.