നടൻ വിജയുമായുള്ള സുഹൃദ് ബന്ധത്തിന്റെ പേരിൽ നടി തൃഷയ്‌ക്കെതിരെ കടുത്ത സൈബർ ആക്രമണമാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. തമിഴകത്ത് ധനുഷ്-നയൻതാര പോരിന് ശേഷം, വിജയ്-തൃഷ 'പ്രണയം' ചർച്ചയാവുകയാണ്. വിജയ്-സംഗീത വിവാഹബന്ധത്തിൽ വിള്ളൽ വീഴ്ത്തിയത് തൃഷ ആണെന്ന തരത്തിലുള്ള പ്രചാരണമാണ് എങ്ങും. ഇതിനിടെയാണ് തൃഷയുടേതെന്ന രീതിയിൽ ഒരു ട്വീറ്റ് വ്യാപകമായി പ്രചരിച്ചത്.
ധനുഷിനെ കുറിച്ച് നടി മഡോണ സെബാസ്റ്റ്യനെ തൃഷ താക്കീത് ചെയ്യുന്നതാണ് ഈ ട്വീറ്റ്. ധനുഷിനെ സൂക്ഷിക്കുക എന്നാണ് വൈറൽ ട്വീറ്റിൽ ഉള്ളത്. ധനുഷും മഡോണയും മുമ്പ് 2017ൽ പുറത്തിറങ്ങിയ പാ പാണ്ടി എന്ന സിനിമയിൽ ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. ഈ സമയം തൃഷയുടേതെന്ന പേരിലുള്ള ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് മഡോണയ്ക്ക് മുന്നറിയിപ്പെന്ന രീതിയിൽ ഈ ട്വീറ്റ് പ്രചരിച്ചത്. എന്നാൽ, ഈ ട്വീറ്റ് തൃഷയുടേതല്ല. തൃഷയുടെ അക്കൗണ്ട് അല്ല ഇത്. വ്യാജമായി സൃഷ്ടിച്ച അക്കൗണ്ടിൽ നിന്നാണ് ധനുഷിനെതിരെയുള്ള കമന്റ് പ്രത്യക്ഷപ്പെട്ടത്.
നിലവിൽ ഈ ട്വീറ്റ് വ്യാപകമായി പ്രചരിക്കാൻ കാരണം തൃഷ ആണെന്നാണ് കണ്ടുപിടുത്തം. വിജയ്-തൃഷ പ്രൈവറ്റ് ജെറ്റ് യാത്ര കൊടുംപിരി കൊണ്ടിരിക്കുന്ന ഈ സമയം, ഇതിനെ വഴിതിരിച്ച് വിടാനാണ് തൃഷയുടെ ആരാധകർ 'ധനുഷിനെ സൂക്ഷിക്കുക' എന്ന് വ്യാജ ട്വീറ്റ് വഴി പ്രചരിപ്പിക്കുന്നതെന്നാണ് ധനുഷ് ആരാധകരുടെ വാദം. മറിച്ച് ധനുഷിന്റെ ആരാധകരാണ് ഈ വ്യാജ ട്വീറ്റിന് പിന്നിലെന്നാണ് തൃഷയുടെ ആരാധകർ വാദിക്കുന്നത്.