തമിഴ് സിനിമയിലെ മോസ്റ്റ് എലിജിബിൾ ബാച്ചിലേഴ്സിൽ ഒരാളാണ് നടൻ വിശാൽ. താരം വിവാഹിതനാകാൻ പോവുകയാണ്. നടി ധൻഷിക ആണ് വധു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇതുമായി ബന്ധപ്പെട്ടുള്ള ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. ഇന്നലെയാണ് തന്റെ വിവാഹ വാർത്ത നടൻ തന്നെ സ്ഥിരീകരിച്ചത്. ഇന്നലെ ചെന്നൈയിൽ നടന്ന ഒരു ഫിലിം ഫെസ്റ്റിവലിൽ പങ്കെടുത്ത് സംസാരിക്കവെയാണ് പ്രണയം വിശാലും ധൻഷികയും സ്ഥിരീകരിച്ചത്.
മുപ്പത്തിയഞ്ചുകാരിയായ സായ് ധൻഷിക കഴിഞ്ഞ പതിനെട്ട് വർഷമായി തെന്നിന്ത്യൻ സിനിമയുടെ ഭാഗമാണ്. 2006ൽ മാനത്തോട് മഴൈകാലം എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടായിരുന്നു തുടക്കം. തഞ്ചാവൂരാണ് സ്വദേശം. 2006 മുതൽ 2009 വരെയുള്ള കാലഘട്ടത്തിൽ നിരവധി സിനിമകൾ ചെയ്തുവെങ്കിലും 2009ൽ പുറത്തിറങ്ങിയ പെരാൺമയ് സിനിമയിൽ അഭിനയിച്ചശേഷമാണ് അഭിനേത്രി എന്ന നിലയിൽ നടിയെ ആരാധകർ ശ്രദ്ധിച്ച് തുടങ്ങിയത്.
എസ്പി ജനനാതൻ ആയിരുന്നു സിനിമ സംവിധാനം ചെയ്തത്. ഇതിനുശേഷം സായ് ധൻഷിക അരുൺ വിജയ്‌ക്കൊപ്പം മഞ്ഞവേൽ, വസന്ത ബാലന്റെ അരവാൺ, ബാലയുടെ പരദേശി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. നടിയുടെ കരിയറിൽ വഴിത്തിരിവുണ്ടാകുന്നത് രജിനികാന്തിന്റെ കബാലിയിൽ അഭിനയിച്ച ശേഷമാണ്. മുടി ബോയ്കട്ട് ചെയ്ത് ബോൾഡ് ലുക്കിലാണ് കബാലിയിൽ ധൻഷിക അഭിനയിച്ചത്. രജിനികാന്തിന്റെ മകളുടെ വേഷമായിരുന്നു. സോളോയാണ് ധൻഷികയുടെ മലയാള സിനിമ.
വിശാലുമായുള്ള നടിയുടെ വിവാഹ വാർത്ത പരന്നതോടെ ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസമാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. വിശാലും സായ് ധൻഷികയും തമ്മിൽ 15 വർഷത്തെ സൗഹൃദമുണ്ട്. കഴിഞ്ഞ ഒരു മാസമായി ഇരുവരും പ്രണയത്തിലാണ്. കഴിഞ്ഞ ദിവസം പ്രണയം സ്ഥിരീകരിച്ചയുടൻ ഇരുവരും വിവാഹ തീയതിയും പ്രഖ്യാപിച്ചു. ഓഗസ്റ്റ് 29 ന് വിശാലിന്റെ ജന്മദിനത്തിലാണ് വിവാഹം നടക്കുക. നടികർ സംഘത്തിനായുള്ള ഓഫീസ് കെട്ടിട നിർമ്മാണം പൂർത്തിയായ ശേഷം വിവാഹം കഴിക്കാനാണ് വിശാൽ തീരുമാനിച്ചിരുന്നത്. വിശാലിന് 47 വയസുണ്ട്. ധൻഷികയ്ക്ക് അദ്ദേഹത്തെക്കാൾ 12 വയസ് കുറവാണ്.