പൊതുവേദിയിൽ കുഴഞ്ഞു വീണ് ആശുപത്രിയിൽ ചികിത്സ തേടിയ നടൻ വിശാലിന്റെ ആരോഗ്യനില തൃപ്തികരമെന്ന് റിപ്പോർട്ടുകൾ. അന്നേദിവസം ഭക്ഷണമൊന്നും കത്തിക്കാതിരുന്നതിനെ തുടർന്ന് പ്രഷർ താഴ്ന്നതാണ് നടന് തലചുറ്റൽ വരാൻ കാരണമെന്നാണ് റിപ്പോർട്ട്. വില്ലുപുരത്ത് സംഘടിപ്പിച്ച സൗന്ദര്യമത്സരത്തിന് ആശംസകൾ അറിയിച്ച് തിരിച്ചു പോകവെയാണ് ഇന്നലെ വിശാൽ ബോധരഹിതനായി കുഴഞ്ഞുവീണത്.
കൂവാഗം കൂത്താണ്ടവർ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് ട്രാൻസ്‌ജെൻഡറുകൾക്കായി സൗന്ദര്യ മത്സരം ഒരുക്കാറുണ്ട്. മത്സരം കാണാനും വിലയിരുത്താനും വിശിഷ്ടാതിഥിയായാണ് വിശാൽ എത്തിയത്. ആരോഗ്യവുമായി ബന്ധപ്പെട്ട് വിശാലിന് മറ്റ് പ്രശ്‌നങ്ങളില്ലെന്നും ഭക്ഷണം കൃത്യമായ സമയത്ത് കഴിക്കണമെന്ന് മെഡിക്കൽ ടീം നിർദേശിച്ചിട്ടുണ്ടെന്നും നടന്റെ ടീം വ്യക്തമാക്കി.
അതേസമയം, നേരത്തെയും പൊതുവേദിയിൽ നടൻ മോശം ആരോഗ്യാവസ്ഥയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. മദ ഗദ രാജയുടെ റിലീസുമായി ബന്ധപ്പെട്ട് നടന്ന ഓഡിയോ ലോഞ്ച് ചടങ്ങിൽ കടുത്ത പനിയും വിറയലോടെയുമാണ് വിശാൽ എത്തിയത്. താരത്തിന്റെ ആരോഗ്യാവസ്ഥ ചർച്ചയാവുകയും ചെയ്തിരുന്നു. ഏതായാലും അടുപ്പിച്ച് രണ്ട് സംഭവങ്ങൾ ഉണ്ടായതോടെ വിശാലിന് കാര്യമായി എന്തോ അസുഖമുണ്ടെന്ന നിഗമനത്തിലാണ് ആരാധകർ.