2018ല്‍ പുറത്തിറങ്ങിയ രാക്ഷസന്‍ എന്ന സിനിമ തമിഴ്നാട്ടിലെ പോലെ കേരളത്തിലും വലിയ വിജയമായ സിനിമയായിരുന്നു. ഒരു വലിയ ട്രെന്‍ഡിന് തന്നെ തുടക്കം കുറിച്ച സിനിമയില്‍ വിഷ്ണു വിശാലാണ് നായകനായത്. ഇപ്പോഴിതാ നീണ്ട 7 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പുതിയ സിനിമയുമായി രംഗത്ത് വന്നിരിക്കുകയാണ് രാക്ഷസന്‍ ടീം.റാം കുമാര്‍ സംവിധാനം ചെയ്ത് വിഷ്ണു വിശാന്‍ നായകനാകുന്ന സിനിമയില്‍ നായികയാകുന്നത് മമിതാ ബൈജുവാണ്. തമിഴിലെ പ്രമുഖ ബാനറായ സത്യജ്യോതി ഫിലിംസാണ് സിനിമയുടെ നിര്‍മാണം.
ഇരണ്ട് വാനം എന്നാണ് സിനിമയുടെ പേര്‍.് കൗതുകകരമായ ടൈറ്റില്‍ പോസ്റ്ററിനൊപ്പമാണ് സിനിമയുടെ പേര് പ്രഖ്യാപിച്ചത്. ജിവി പ്രകാശ് കുമാറിന്റെ നായികയായെത്തിയ റിബല്‍, വിജയ് ചിത്രമായ ജനനായകന്‍ എന്നീ സിനിമകളിലാണ് മമിത ഇതിന് മുന്‍പ് തമിഴില്‍ അഭിനയിച്ചിട്ടുള്ളത്. ഒരു ലവ് സ്റ്റോറിയാകും ഇത്തവണ റാം കുമാര്‍ പറയുന്നത് എന്ന സൂചനയാണ് സിനിമയുടെ പോസ്റ്റര്‍ നല്‍കുന്നത്. സിനിമയിലെ മറ്റ് അഭിനേതാക്കളുടെ വിവരങ്ങള്‍ വൈകാതെ തന്നെ പ്രഖ്യാപിക്കും. സിനിമയുടെ റിലീസിങ്ങ് തീയ്യതിയും അടുത്ത് തന്നെ പുറത്തുവിടുമെന്നാണ് കരുതുന്നത്.