പ്രയാഗ് രാജിലെ നദിയില്‍ നിന്ന് ഒരു കവിള്‍ വെള്ളം കുടിക്കാന്‍ യോഗിക്ക് ധൈര്യമുണ്ടോ; വെല്ലുവിളിച്ച് ഗായകന്‍ വിശാല്‍ ദദ്‌ലാനി

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 21 ഫെബ്രുവരി 2025 (14:03 IST)
vishal
കുംഭമേള നടക്കുന്ന പ്രയാഗ് രാജിലെ നദിയില്‍ നിന്ന് ഒരു കവിള്‍ വെള്ളം കുടിക്കാന്‍ യോഗിക്ക് ധൈര്യമുണ്ടോയെന്ന് വെല്ലുവിളിച്ച് ഗായകന്‍ വിശാല്‍ ദദ്‌ലാനി. കുംഭമേള നടക്കുന്ന നദിയിലെ വെള്ളം മലിനമാണെന്ന റിപ്പോര്‍ട്ടുകള്‍ തള്ളിക്കൊണ്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്ത് വന്നതിന് പിന്നാലെയാണ് വെല്ലുവിളിയുമായി ഗായകനും സംഗീത സംവിധായകനുമായ വിശാല്‍ രംഗത്തെത്തിയത്. 
 
കുംഭമേള നടക്കുന്ന സ്ഥലങ്ങളിലെ ജലം കുടിക്കാനും കുളിക്കാനും ഉപയോഗിക്കാമെന്നായിരുന്നു യോഗി ആദിത്യനാഥിന്റെ അവകാശവാദം. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നദിയിലെ വെള്ളം കുടിക്കാന്‍ വിശാല്‍ യോഗിയോട് ആവശ്യപ്പെട്ടത്. 'വിദ്വേഷമുള്ളവരെ കുറിച്ച് ആലോചിക്കേണ്ട സാര്‍, ഞങ്ങള്‍ താങ്കളെ വിശ്വസിക്കുന്നു. താങ്കള്‍ ധൈര്യമായിട്ട് മുന്നോട്ട് പോവുക. ക്യാമറയെ സാക്ഷിനിര്‍ത്തി നദിയില്‍ നിന്ന് നേരിട്ട് വെള്ളം കോരി കുടിക്കൂ' വിശാല്‍ കുറിച്ചു.
 
നദികളില്‍ മനുഷ്യവിസര്‍ജ്യത്തില്‍ കാണപ്പെടുന്ന കോളിഫോം ബാക്ടീരിയകളുടെ അളവ് അപകടകരമാംവിധം ഉയര്‍ന്നതാണെന്ന് ഉത്തര്‍പ്രദേശിലെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ആണ് കണ്ടെത്തിയിട്ടുള്ളത്. അനുവദനീയമായ കോളിഫ് ബാക്ടീരിയയുടെ 2000 ശതമാനമാണ് ഉയര്‍ന്ന നിലയിലുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍