ലോകം മുഴുവന്‍ ആരാധകരുണ്ട് സൂപ്പര്‍സ്‌റ്റാര്‍ രജനികാന്തിന്. സ്‌ത്രീകളും കുട്ടികളുമടങ്ങുന്ന വലിയൊരു ആരാധകവൃന്തം ചുറ്റിലുമുള്ളത് സ്വാഭാവിക ജീവിതം നയിക്കുന്നതില്‍ നിന്നും അദ്ദേഹത്തെ തടഞ്ഞിട്ടുണ്ട്. ഈ സാഹചര്യം നിലനില്‍ക്കെ വേഷംമാറി ജനങ്ങള്‍ക്ക് ഇടയില്‍ ഇറങ്ങിയപ്പോള്‍ ഉണ്ടായ രസകരമായ അനുഭവങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് രജനി.
പുതിയ ചിത്രം 2.0യുടെ പ്രമോഷന്റെ ഭാഗമായി സീ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് രജനികാന്ത് ഇതുവരെ വെളിപ്പെടുത്താത്ത കാര്യങ്ങള്‍ പറഞ്ഞത്.
“ ബംഗ്ലളുരുവില്‍ ഒരു ക്ഷേത്രത്തില്‍ തൊഴാന്‍ പോയിരുന്നു. മുഷിഞ്ഞ വസ്‌ത്രമണിഞ്ഞ് ഒരു പിച്ചക്കാരനെ പോലെ തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു വേഷം. തൊഴുത് പ്രദക്ഷിണം ചെയ്യാനൊരുങ്ങുമ്പോള്‍ ഒരു സ്‌ത്രീ തനിക്ക് പത്തു രൂപ തന്നു. മടി കൂടാതെ ആ പണം വാങ്ങി ഞാന്‍ പോക്കറ്റിലിട്ടു. ഞാന്‍ മുന്നോട്ട് പോയിട്ടും അവര്‍ എന്നെ ശ്രദ്ധിച്ചു കൊണ്ടിരുന്നു. പ്രദക്ഷിണം കഴിഞ്ഞ് പെഴ്‌സില്‍ നിന്നും ഇരുനൂറ് രൂപയെടുത്ത് ഞാന്‍ ഭണ്ഡാരത്തില്‍ ഇട്ടു. ഇതു കണ്ടു നിന്ന അവര്‍ ഞെട്ടി. ഉടന്‍ തന്നെ പുറത്തിറങ്ങി താന്‍ കാറില്‍ കയറി. അപ്പോള്‍ ആ സ്‌ത്രീ വാ പൊളിച്ച് നില്‍ക്കുകയായിരുന്നു”- എന്നും രജനി പറഞ്ഞു.
ഹിറ്റായ ഒരു സിനിമ കാണാന്‍ ഒരു തിയേറ്റര്‍ സമുച്ചയത്തില്‍ ഇതുപോലെ വേഷം മാറി പോയിരുന്നു. നല്ല തിരക്കായിരുന്നു അവിടെ. വേഷ പ്രച്ഛന്നനായി നില്‍ക്കുമ്പോള്‍ എവിടെ നിന്നോ തലൈവാ എന്ന വിളി. ഇതു കേട്ട ഞാന്‍ ഭയന്നു. എങ്ങനെ രക്ഷപ്പെടുമെന്ന് ആലോചിക്കുന്നതിനിടെ എന്റെ കൈയും കാലും വിറച്ചു. കാര്‍ അകലെ പാര്‍ക്ക് ചെയ്‌തിരിക്കുന്നതിനാല്‍ തിരക്കിനിടെയിലൂടെ ഒരു വിധം രക്ഷപ്പെട്ട് പുറത്തെത്തി. ഭാഗ്യം രണ്ടാമതൊരു വിളി ഉണ്ടായില്ല. അയാള്‍ മറ്റാരേയോ ആയിരുന്നു വിളിച്ചത്“ - എന്നും രജനി വ്യക്തമാക്കി.
2.0യുടെ വിശേഷങ്ങള്‍ പങ്കുവയ്‌ക്കുന്നതിനിടെ അവതാരകയുടെ ചോദ്യത്തോട് പ്രതികരിക്കുമ്പോഴാണ് തനിക്കുണ്ടായ അനുഭവങ്ങള്‍ രജനികാന്ത് തുറന്നു പറഞ്ഞത്.