പാര്‍ട്ടി മുഖപത്രമായ 'നമത് പുരട്ചിതലൈവി അമ്മ'യിലെ ലേഖനത്തിലാണ് രജനികാന്തിനെ വിമർശിച്ചിരിക്കുന്നത്. രജനീകാന്ത് മാത്രമല്ല തമിഴ് സിനിമാ ലോകത്തുള്ള മിക്കവരും വിജയ് ചിത്രത്തിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു. സെന്‍സര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് നേടിയ ചിത്രത്തിനെതിരെ പ്രതിഷേധിക്കാന്‍ പാടില്ലെന്നും അത് അനാവശ്യമാണെന്നുമായിരുന്നു രജനീകാന്ത് അഭിപ്രായപ്പെട്ടത്.
'സംസ്ഥാന സര്‍ക്കാരിനെ മോശമായി ചിത്രീകരിച്ചു കൊണ്ട് ജനശ്രദ്ധ നേടാന്‍ ആഗ്രഹിക്കുന്ന വിജയ് ചിത്രത്തെ രജനി പിന്തുണക്കുന്നത് എന്തിനാണ്. എല്ലാ സര്‍ട്ടിഫിക്കറ്റുകളും നേടി വിപണിയിലിറക്കിയ ഭക്ഷണസാധനത്തില്‍ പിന്നീട് പല്ലി വീണാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ശരിയാണെന്നു പറഞ്ഞ് ഭക്ഷിക്കാന്‍ തയ്യാറാകുമോ? ഇതുതന്നെയാണ് സെന്‍സര്‍ ബോര്‍ഡ് അനുമതി നേടിയ ചിത്രത്തില്‍ തെറ്റായ ദൃശ്യങ്ങളുണ്ടെങ്കില്‍ ചെയ്യുന്നത്. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ തെറ്റിനെ ന്യായീകരിക്കാതെ സംവിധായകന്‍ മുരുഗദോസിനെ ഉപദേശിക്കുകയാണ് ചെയ്യേണ്ടതെ'ന്നും ലേഖനത്തില്‍ പറയുന്നു.